വളർത്തുനായയെ പുലി കൊന്നുതിന്നു; ഭീതിയുടെ നടുവിൽ ഇരിയണ്ണി

Monday 19 January 2026 9:47 PM IST

കാസർകോട്: ഇരിയണ്ണി പയത്ത് വളർത്തുനായയെ കൊന്ന പുലി പാതി മാംസം ഭക്ഷിച്ചു. പയത്ത് വയറിംഗ് തൊഴിലാളിയായ സന്തോഷിന്റെ വീട്ടിലെ ഒരു വയസ് പ്രായമുള്ള വളർത്തുനായയെയാണ് പുലി പിടിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

കെട്ടിയിട്ടിരുന്ന നായയെ കടിച്ചുകൊന്ന പുലി പകുതിയോളം ഭക്ഷിച്ച ശേഷ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് വീട്ടുകാർ നായയുടെ ശേഷിച്ച ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സന്തോഷിന്റെ ഇളയച്ഛൻ കുഞ്ഞിക്കണ്ണൻ മണിയാണിയുടെ രണ്ട് നായകളെ മാസങ്ങൾക്ക് മുമ്പ് പുലി പിടിച്ചിരുന്നു. ഇരിയണ്ണി, പയം, കുണിയേരി, ബേപ്പ് പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.

രണ്ടാഴ്ച മുമ്പ് കുണിയേരി ബെള്ളാട്ടെയിലെ നാരായണന്റെ നായയെ പുലി പിന്തുടർന്ന് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസി ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. മാദ്ധ്യമങ്ങളിലടക്കം ഈ ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. പുലിയുടെ അക്രമം തുടർകഥയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ.