സ്‌കൂൾ പാചക തൊഴിലാളികളുടെ കുടുംബ സമരം 24ന്
Tuesday 20 January 2026 12:00 AM IST
തൃശൂർ: സർക്കാർ അംഗീകരിച്ച തീരുമാനങ്ങളും മിനിമം കൂലി 700 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രിക വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾ (എ.ഐ.ടി.യു.സി) കളക്ടറേറ്റിന് മുൻപിൽ കുടുംബ സമരം നടത്തും. 24ന് രാവിലെ 11ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ഉദ്ഘാടനം ചെയ്യും. എല്ലാ വർഷത്തെയും 50 രൂപ വർദ്ധനവ് കൈയൊഴിഞ്ഞ ഈ സർക്കാർ കഴിഞ്ഞ അഞ്ച് ബഡ്ജറ്റിലും പാചക തൊഴിലാളികളെ അവഗണിച്ചുവെന്നും അർഹിച്ച ആനുകൂല്യം നൽകാതെ ജയിലിലെ തടവുപ്പുളികൾക്ക് കൂലി വർധനവ് നടത്തിയതെന്നും നേതാക്കൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ പി.ജി. മോഹനൻ, വി.കെ. ലതിക, സി.യു. ശാന്ത, പ്രീതി രാജൻ എന്നിവർ പങ്കെടുത്തു.