ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം: ഫണ്ടില്ലാതെ നെട്ടോട്ടം

Tuesday 20 January 2026 12:26 AM IST
1

  • ചെലവ് 28 ലക്ഷം,
  • സർക്കാർ വക 2 ലക്ഷം !

തൃശൂർ: സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം നടത്താൻ ഫണ്ടില്ലാതെ സംഘാടകർ നെട്ടോട്ടത്തിൽ. തൃശൂരിൽ 22 മുതൽ 25 വരെ സാഹിത്യ അക്കാഡമി, ടെക്‌നിക്കൽ സ്‌കൂൾ, ടൗൺ ഹാൾ എന്നിവിടങ്ങളിളായി എട്ട് വേദികളിലാണ് മത്സരങ്ങൾ. ഭക്ഷണം, താമസം, പ്രോഗ്രാം, സമ്മാനങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട്, ഗതാഗതം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഇരുപത്തെട്ട് ലക്ഷത്തോളമാണ് സംഘാടക സമിതി ചെലവ് കണക്കാക്കുന്നത്. കലോത്സത്തിന് സർക്കാർ അനുവദിക്കുന്നത് രണ്ട് ലക്ഷം രൂപ മാത്രമാണ്. മത്സരത്തിനെത്തുന്നവർക്ക് രാവിലെ പ്രഭാത ഭക്ഷണം, ചായ, ചെറു പലഹാരം, ഉച്ചഭക്ഷണം, വൈകിട്ട് ചായ, രാത്രി ഭക്ഷണം എന്നിവ നൽകണം. വിധി കർത്താക്കളെ എത്തിക്കാനും വലിയ തുകയാണ് ചെലവ്. സംസ്ഥാന സ്‌കൂൾ കലോത്സവം കഴിഞ്ഞ ഉടൻ തന്നെ മറ്റൊരു കലോത്സവം വരുമ്പോൾ സ്‌പോൺസർമാരെ കിട്ടാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് സംഘാടകർ പറയുന്നു.

കലോത്സവം 22 മുതൽ

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരശീല വീണതിന് പിന്നാലെ മറ്റൊരു കലാമാമാങ്കത്തിന് തശൂരിൽ കൊടിയേറ്റം. 46 -ാം സംസ്ഥാന ടെക്‌നിക്കൽ കലോത്സവം 22 മുതൽ 25വരെ തൃശൂരിൽ നടക്കും. 22ന് വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാവും. തുടർന്ന് ജി.ഐ.എ.ഡികളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫാഷൻ ഷോ നടക്കും. സമാപനസമ്മേളനം 25 ന് പകൽ മുന്നിന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു. തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് പി.ജയപ്രസാദ്, സി.ബി. ബൈജു, ജോഷി വളപ്പില, എസ്.ശ്രീകുമാർ, എൻ.ജി. സുവൃതകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

1500 കലാപ്രതിഭകൾ

സംസ്ഥാനത്തെ 44 ടെക്‌നിക്കൽ, ഐ.എച്ച്.ആർ.ഡി സ്‌കൂളൂകളിൽ നിന്നായി 1500 വിദ്യാ‌ർത്ഥികൾ 52 ഇനങ്ങളിൽ പങ്കെടുക്കും. തൃശൂർ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ, ടൗൺഹാൾ, സാഹിത്യ അക്കാഡമി എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരം. 43 വ്യക്തിഗത ഇനങ്ങളും ഒമ്പത് സംഘ ഇനങ്ങളുമുണ്ട്. സ്‌കൂൾ തലങ്ങളിലാണ് ചാമ്പ്യൻഷിപ്പ്. മത്സരങ്ങൾ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.