തൊഴിലുറപ്പ് പദ്ധതി : കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം അണപൊട്ടി പ്രതിഷേധം
തൃശൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി തൊഴിലാളികൾ. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ തകർക്കാനാണ് കേന്ദ്രസർക്കാർ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതെന്ന് പി.കെ ബിജു പറഞ്ഞു. ഇപ്പോൾ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ കൊല്ലുകയാണ്. തൊഴിലുറപ്പ് പദ്ധതിപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനം കൊടുക്കുന്നത് കേരളമാണ്. 67 ശതമാനമാണ് കേരളത്തിന്റേത്. കേന്ദ്രനടപടി മൂലം അതെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ബിജു പറഞ്ഞു. യൂണിയൻ ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എം.കെ. പ്രഭാകരൻ, യൂണിയൻ ജില്ലാ ട്രഷറർ എ.എസ്.ദിനകരൻ എന്നിവർ സംസാരിച്ചു.