എങ്ങുമെത്താതെ വക്കത്തെ പൊതുശ്മശാനം

Tuesday 20 January 2026 12:54 AM IST

വക്കം: തീരദേശ പഞ്ചായത്തുകളുൾപ്പെട്ട പ്രദേശങ്ങളിൽ പൊതുശ്മശാന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം.പൊതു ശ്മശാനമെന്ന ആവശ്യത്തോട് കാലങ്ങളായി വിമുഖത കാട്ടുകയാണ് ചിറയിൻകീഴ്,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ഗ്രാമപഞ്ചായത്തുകളെന്നാണ് ആക്ഷേപം. പൊതു ശ്മശാനത്തിനായി ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നും കണ്ടെത്തിയാൽ പ്രദേശവാസികളിൽനിന്ന് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമാണെന്ന വാദമാണ് അധികൃതർക്കുള്ളത്. മഴക്കാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളവയാണ് ഈ നാല് പഞ്ചായത്തുകളും.ഈ സമയങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മതാചാരപ്രകാരം ദഹിപ്പിക്കാനോ,മറവ് ചെയ്യാനോ കഴിയാറില്ല. സ്വന്തമായി ഭൂമിയില്ലാത്തവരും,​ ഉള്ള ഭൂമിയിൽ അതിനുള്ള സൗകര്യങ്ങളില്ലാത്തവരും നിരവധിയാണ്.

 നടപടിയില്ലാതെ അധികൃതർ

വാജ്‌പേയ് ഗവൺമെന്റിന്റെ ഭരണകാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകൾ തയാറാക്കുമ്പോൾ നിർബന്ധമായും പൊതുശ്മശാനം നിർദിഷ്ട പദ്ധതിയായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നു.എന്നാൽ ചിറയിൻകീഴ് അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ഗ്രാമപഞ്ചായത്തുകൾ അക്കാലത്തെ ഓരോ പദ്ധതിരേഖകളിലും പൊതുശ്മശാനം ഉൾപ്പെടുത്തുകയും പദ്ധതിരേഖ പാസാക്കിയശേഷം സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്ന ന്യായീകരണമാണ് നൽകുന്നത്.നാല് പഞ്ചായത്തുകൾ ചേർന്ന ഒരു പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടികൾ പോലും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.

വിമുഖത കാട്ടി പഞ്ചായത്തുകൾ

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മശാനം നിർമ്മിക്കാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു.എന്നാൽ അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സ്ഥലമാക്കി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പൂവിളക്കുന്നിൽ ഒരേക്കറോളം പുരയിടം കിഴുവിലം - ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ അധീനതയിൽ ശവ സംസ്കാരങ്ങൾക്കും മറ്റുമായി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രദേശത്ത് അങ്കണവാടിക്കും,സ്വന്തമായി ഭൂമിയില്ലാത്ത ഏതാനും ചില കുടുംബങ്ങൾക്ക് വീടുവയ്ക്കാനായി പട്ടയം നൽകുകയും ചെയ്തു.നിലവിൽ ഇവിടെ 35 സെന്റോളം വസ്തു ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പൊതുശ്മശാന നിർമ്മാണത്തിനായി നീക്കിവയ്ക്കപ്പെട്ടെങ്കിലും ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എന്തുകൊണ്ടോ ഈ പദ്ധതി നടപ്പാക്കാൻ വിമുഖത കാട്ടുകയാണ്.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പദ്ധതിരേഖകളിൽ പൊതുശ്മശാനം ഉൾപ്പെടുത്തിയെങ്കിലും നാളിതുവരെയും പദ്ധതി നടപ്പിലാക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല.വക്കം ഗ്രാമ പഞ്ചായത്തും ഈ വിഷയത്തിൽ മെല്ലെപ്പോക്ക്‌ നയമാണ് സ്വീകരിക്കുന്നത്.

 പൊതു ശ്മശാനത്തിനായി മുഖ്യ പരിഗണന നൽകാൻ തീരദേശ മേഖലയിലെ പുതിയ ഭരണസമിതികൾ തയ്യാറാകണം.

അഞ്ചുതെങ്ങ് സജൻ

ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി