വർക്കലയിലും വേണം പ്രീപെയ്ഡ് ഓട്ടോ
വർക്കല: വർഷംതോറും ലക്ഷക്കണക്കിന് ആഭ്യന്തര - വിദേശ സഞ്ചാരികൾ എത്തുന്നയിടമാണ് വർക്കല. ജോലി,പഠനം,ചികിത്സ,തീർത്ഥാടനം,വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങളുമായെത്തുന്ന ഭൂരിപക്ഷ യാത്രക്കാരുടെയും പ്രധാന ആശ്രയം ബസും ഓട്ടോയുമാണ്.
ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് “ഓട്ടോ നിരക്ക്. പൊതുവേ നിശ്ചിത നിരക്കോ മീറ്റർ സംവിധാനമോയില്ലാതെ,പലരും കൂലി ചോദിച്ചുറപ്പാക്കിയാണ് യാത്ര തുടരുന്നത്. എന്നാൽ ഇത് പലപ്പോഴും തർക്കത്തിലേക്ക് വഴിമാറുന്നു. അതിനാൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തർക്കം പതിവ്
പാപനാശം നോർത്ത് സൗത്ത് ക്ലിഫ് മേഖലകളിൽ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം നൽകിയാണ് യാത്ര ചെയ്യുന്നതെന്നാണ് ആരോപണം. യാത്ര തുടങ്ങും മുമ്പ് തുക ചോദിച്ചാൽ ആളും തരവും വസ്ത്രധാരണ രീതിയുമെല്ലാം നോക്കി തുക പറയുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് പരാതി. സ്ത്രീയാത്രികരാണ് പലപ്പോഴും ബുദ്ധിമുട്ടുന്നത്. അനുവദനീയമായ യാത്രാനിരക്ക് ഈടാക്കണമെന്നാണ് ആവശ്യം.
സഞ്ചാരികൾക്ക് സുരക്ഷിതത്വം ഉറപ്പുനൽകാൻ വർക്കലയിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം അനിവാര്യമാണ്.
ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം.
സി.പ്രസന്നകുമാർ
രക്ഷാധികാരി,
വർക്കല ശിവഗിരി റെയിൽവേ
വെൽഫെയർ അസോസിയേഷൻ