കനാലുകൾ വരണ്ടു; 'ദാഹിച്ച്'കൃഷിയിടങ്ങൾ

Tuesday 20 January 2026 3:13 AM IST

നെയ്യാറ്റിൻകര: കാർഷികാവശ്യത്തിനായി ജലമെത്തിക്കുന്ന ഇറിഗേഷൻ കനാലുകളിലേക്ക്,നെയ്യാർ ഡാമിൽ നിന്ന് ജലം തുറന്ന് വിടാത്തതിനാൽ കൃഷി നശിക്കുന്നതായി പരാതി.ഈ വെള്ളം ഉപയോഗിച്ച് കനാലിന്റെ ഇരുവശവും കരക്കൃഷി നടത്തിവന്നിരുന്ന കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

നെയ്യാർ ഡാമിൽ നിന്ന് പൂവാർ വരെ എത്തുന്ന കനാലുകളാണ് ഇപ്പോൾ വറ്റിവരണ്ടിരിക്കുന്നത്. കനാലിൽ പലയിടത്തും മാലിന്യങ്ങൾ നിറഞ്ഞ് ജലസേചന യോഗ്യമല്ലാതായിത്തീർന്നു.

ചില സ്ഥലങ്ങളിൽ കനാൽക്കര സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലാണ്.നെയ്യാർ ഇറിഗേഷൻ ജലസേചന പദ്ധതിയുടെ മേൽനോട്ടത്തിലുള്ള കനാൽക്കരയിലെ ഭൂമി റീസർവേ പ്രകാരം അളന്ന് തിട്ടപ്പെടുത്താത്തതാണ് ഭൂമി കൈയേറാൻ കാരണം.

കനാലുകളിൽ കാർഷികാവശ്യത്തിന് ജലം തുറന്നുവിടുമ്പോൾ,കനാലുകൾ ചോർന്ന് സമീപ പ്രദേശത്തെ വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറാറുണ്ടെന്ന പരാതി വ്യാപകമാണ്. കനാലുകൾ ശുദ്ധിയാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഇറിഗേഷൻ വകുപ്പ് എല്ലാ വർഷവും നിശ്ചിത തുക മാറ്റിവയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ കനാലുകൾ ചോർച്ച അടച്ച് നന്നാക്കാത്തതും സുഗമമായ ജലസേചനത്തിന് തടസമാണ്.

കൃഷി നശിക്കുന്നു

കനാലുകളിൽ ജലം തുറന്നുവിടുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലുള്ള കിണറുകളിൽ ജലം നിറയുന്നതുകാരണം ഒരു പരിധിവരെ കുടിവെള്ളക്ഷാമവും വേനൽക്കാലത്ത് പരിഹരിക്കപ്പെടാറുണ്ട്. എന്നാൽ ജനുവരി പകുതി കഴിഞ്ഞിട്ടും ഇതേവരെ ജലം തുറന്നുവിട്ടിട്ടില്ല. നെൽക്കൃഷി ലാഭകരമല്ലാതായതോടെ ചെറുകിട കർഷകരിൽ കൂടുതൽ പേർ കരക്കൃഷിയിലേക്ക് മാറിയിരുന്നു. പക്ഷേ ആവശ്യത്തിന് ജലം ലഭിക്കാതായതോടെ അതും ഫലവത്തല്ലാതായി മാറി.

കനാലുകൾ നന്നാക്കണം

ഇറിഗേഷൻ കനാലുകൾ അറ്റകുറ്റപ്പണി ചെയ്ത് ജലസേചന സൗകര്യം ഒരുക്കണമെന്നാവശ്യം ശക്തമാണ്.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങൾക്ക് ആശ്വസകരമാകുന്ന തീരുമാനങ്ങൾ അധികൃതർ കൈക്കൊള്ളണമെന്നാണ് ഉയരുന്ന പൊതുജനാഭിപ്രായം.

ക്യാപ്ഷൻ: നെയ്യാറ്റിൻകരയിലെ ഇറിഗേഷൻ കനാലുകൾ നാശോന്മുഖമായ നിലയിൽ