കൈയേറ്റം ചെയ്‌തെന്ന പരാതി: പൊലീസ് മൊഴിയെടുത്തു

Tuesday 20 January 2026 3:15 AM IST

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ സീനിയർ ക്ലർക്കിനെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. ബാലരാമപുരം കൃഷ്ണ ഹോം അപ്ലയൻസ് ഉടമ ബിജുകൃഷ്ണൻ,​ജീവനക്കാരൻ അനിൽകുമാർ എന്നിവരെ സ്റ്റേഷനിൽ വിളിപ്പിച്ചാണ് സി.ഐയുടെ സാന്നിദ്ധ്യത്തിൽ മൊഴിയെടുത്തത്. ലൈസൻസ് അനുവദിക്കാതെ കാലതാമസം വരുത്തിയെന്നാണ് കടയുടമയുടെ പരാതി. ലൈസൻസ് വൈകിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് പ‌ഞ്ചായത്ത് ജീവനക്കാർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും സി.സി ടിവി ദൃശ്യം പരിശോധിക്കണമെന്നുമാണ് ബിജുകൃഷ്ണന്റെ ആവശ്യം. അന്നേദിവസം കടയിലെത്തി അനിൽകുമാർ വാഗ്വാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യവും പഞ്ചായത്ത്‌ പരാതി നൽകുന്നതിന് മുന്നേ ബിജുകൃഷ്ണൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ലൈസൻസ് വിഷയത്തിൽ ആക്ഷേപമുണ്ടെങ്കിൽ സെക്രട്ടറിയാണ് രേഖാമൂലം പരാതി കടയുടമയ്‌ക്ക് കൈമാറേണ്ടത്. അപേക്ഷയിൽ സ്ഥാപനത്തിൽ ലേബർ ബോർഡ് അംഗീകരിച്ചിട്ടുള്ളത് ഏക ജീവനക്കാരനാണെന്ന രേഖകളുൾപ്പെടെ പഞ്ചായത്തിന് കൈമാറിയിരുന്നു. പത്താം വാർഡിലെ ഫീൽഡ് സ്റ്റാഫ് ഇതുസംബന്ധിച്ച് റിപ്പോർട്ടും ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്തിന് നൽകി. ഇതിനിടെയാണ് കടയിൽ നേരിട്ടെത്തി അനിൽകുമാർ കമ്പ്യൂട്ടർ നന്നാക്കാനെത്തിയ ജീവനക്കാരിയുമായി തർക്കത്തിലായതെന്നും ഉടമ പൊലീസിനോട് പറഞ്ഞു. സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ജനപ്രതിനിധികളും പ്രതികരിച്ചു. വിഷയം കൈകാര്യം ചെയ്‌തതിൽ സെക്രട്ടറിക്ക് വീഴ്ചയുണ്ടായെന്നും ജീവനക്കാരനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും വകുപ്പുതല നടപടിക്ക് പരാതി നൽകി. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും വിഷയം നിയമപരമായി നേരിടുമെന്നും ബിജുകൃഷ്‌ണൻ പറഞ്ഞു.