റസൽപുരം ഗുരുമന്ദിരം ഇരുപത്തിയഞ്ചാം വാർഷികം
ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപുരം ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 21 മുതൽ 25 വരെ ആഘോഷിക്കും. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 5.30 ന് ഗണപതിഹവനം, 6.30 ന് ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, 7 ന് ഉത്സവകമ്മിറ്റി ചെയർമാൻ വിനോദ്.എസ് പതാക ഉയർത്തും. 7.30 ന് പ്രഭാതഭക്ഷണം, ഉത്സവനാളുകളിൽ രാവിലെ 8.15 മുതൽ ശ്രീനാരായണ ദാർശനിക ജ്ഞാനയജ്ഞം, 11.30 ന് ഗുരുപൂജ, സമൂഹസദ്യ, വൈകുന്നേരം 6 ന് ഗുരുപൂജ, പുഷ്പാഭിഷേകം, ദീപാരാധന, വൈകുന്നേരം 7 ന് സായാഹ്നഭക്ഷണം, രാത്രി 7.15 ന് മതാതീത ആത്മീയ സമ്മേളനത്തിൽ ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. എം.വിൻസെന്റ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉത്സവ കമ്മിറ്റി ചെയർമാൻ വിനോദ്.എസ് അദ്ധ്യക്ഷത വഹിക്കും. കേരള സർവ്വകലാശാല ഇന്റെർനാഷണൽ സെന്റെർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് ഡയറക്ടർ ഡോ.എം.എ. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇരുപത്തിയഞ്ചാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ ചേർന്ന് നിർവ്വഹിക്കും. എരുത്താവൂർ ജും ആ മസ്ജിദ് ചീഫ് ഇമാം ഹുസൈൻ സഖാഫി, റസൽപുരം സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. അലോഷ്യസ് തുണ്ട് തട്ട് എന്നിവർ മതാതീത സന്ദേശം നൽകും. ഉത്സവ കമ്മിറ്റി കൺവീനർ മോഹനചന്ദ്രൻ ബി. സ്വാഗതവും ഉത്സവ കമ്മിറ്റി ട്രഷറർ സജിലാൽ നന്ദിയും പറയും. രാത്രി 9.30 ന് നാടകം ചിറക്.