കരൂർ ദുരന്തം: വിജയ്‌യെ പ്രതിയാക്കാൻ സാദ്ധ്യത സി.ബി.ഐ നിലപാട് നിർണായകം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് പ്രതിയാകുമോയെന്നതിൽ സി.ബി.ഐ നിലപാട് നിർണായകം. ഇന്നലെ നടനെ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഏഴുമണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. രണ്ടാം റൗണ്ടാണിത്. ജനുവരി 12നും ഏഴുമണിക്കൂറിലേറെ മൊഴിയെടുത്തിരുന്നു. തനിക്കോ പാർട്ടിക്കോ ദുരന്തത്തിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിജയ്. കരൂർ ജില്ലാഭരണക്കൂടത്തിനും പൊലീസിനും വീഴ്ചകളുണ്ടായി. ടി.വി.കെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ,അതിനെയെല്ലാം അട്ടിമറിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായെന്നാണ് വിജയ് സി.ബി.ഐയെ അറിയിച്ചത്.
ദുരന്തസമയത്ത് മേഖലയിൽ ഡ്യൂട്ടിയിലായിരുന്ന 9 തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെയും ഇന്നലെ സി.ബി.ഐ ചോദ്യംചെയ്‌തു. പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ്,തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ,കരൂർ വെസ്റ്ര് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയവരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. തെളിവുകൾ വിശദമായി വിലയിരുത്തിയ ശേഷം നടനെ പ്രതിയാക്കണമോയെന്നതിൽ കേന്ദ്ര ഏജൻസി തീരുമാനമെടുക്കും. പ്രതിയാക്കിയാൽ നരഹത്യാക്കുറ്റമടക്കം ചുമത്തിയേക്കും. നടന്റെ വാദങ്ങൾ അന്വേഷണസംഘം പ്രാഥമികയായി മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന. പ്രതിയാക്കിയാൽ കോടതിയെ അറിയിക്കും. കുറ്രപത്രവും വൈകില്ല. കഴിഞ്ഞ സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും 100ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.