അരൂർ –തുറവൂർ ഉയരപ്പാത; ഗതാഗതക്കുരുക്ക് മുറുകി
അരൂർ: അരൂർ–തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഉയരപ്പാതയുടെ 85 ശതമാനം നിർമ്മാണവും പൂർത്തിയായി. ഉയരപ്പാതയ്ക്കൊപ്പം കാന നിർമാണവും പുരോഗമിക്കുകയാണ്. അരൂർ ക്ഷേത്രം ജംഗ്ഷൻ മുതൽ കുമ്പളം പാലം വരെയുള്ള ഭാഗങ്ങളിലാണ് നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ, രാവിലെയും വൈകിട്ടും ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശവും ഇതാണ്.
അരൂർ ബൈപ്പാസ് ജംഗ്ഷനിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തേണ്ട ഗാർഡറുകളിൽ രണ്ട് സെറ്റുകളിലായി 14 എണ്ണം ഇതിനകം സ്ഥാപിച്ചു. ഇനി രണ്ട് സെറ്റുകളുടെ ജോലികൾ ശേഷിക്കുന്നുണ്ട്. ഫില്ലർ നമ്പർ 24 മുതൽ 28 വരെ, എ.ആർ. റെസിഡൻസിക്ക് സമീപമുള്ള ഭാഗത്ത് ഗാർഡർ ലോഞ്ചിംഗ് പ്രവൃത്തികളും പുരോഗമിക്കുകയാണ്.
എരമല്ലൂരിൽ ഗാർഡർ സ്ഥാപിക്കുന്നതിനിടെ ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ തുടരുന്നത്. ഗാർഡറുകൾ ഉയർത്തുന്ന സമയങ്ങളിൽ ഗതാഗതം പൂർണമായി തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നതോടെ
ദേശീയപാതയിലെയും അനുബന്ധറോഡുകളിലെയും കുരുക്ക് ഇനിയും മുറുകാനാണ് സാദ്ധ്യത.
നിയന്ത്രണങ്ങളുമായി പൊലീസ്
1.ഓരോ ഗാർഡർ ഉയർത്തുന്നതിനും ഏകദേശം 20 മിനിറ്റ് സമയമെടുക്കും. ഗതാഗത തിരക്ക് കുറവുള്ള രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സമയങ്ങളിലാണ് പ്രധാനമായും ഈ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. രാത്രി സമയങ്ങളിലും പ്രവൃത്തികൾ തുടരും
2. ഗതാഗത നിയന്ത്രണത്തിനായി 11 ട്രാഫിക് വാർഡന്മാരെ നിയോഗിച്ചിട്ടുണ്ട്. വലിപ്പമേറിയതും ഭാരമേറിയതുമായ വാഹനങ്ങൾ നിർമാണ മേഖലയിൽ പ്രവേശിക്കുന്നത് തടയാനും അവയെ വഴിതിരിച്ചുവിടാനും പൊലീസിനെ ചുമതലപ്പെടുത്തി
3.തോപ്പുംപടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുമ്പളം പാലം വഴിയും, തോപ്പുംപടിയിലേക്ക് പോകേണ്ട വാഹനങ്ങൾ ആരോപ്പള്ളി മുൻവശത്തെ യു-ടേൺ വഴിയും പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്
4. നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികൾ മാറ്റി ഗതാഗതത്തിന് കൂടുതൽ സ്ഥലം ഒരുക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്