'അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല',​ അങ്ങയെ അത് ഓർമ്മിപ്പിക്കുന്നു,​ ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്

Monday 19 January 2026 11:58 PM IST

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മിഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാവെ ദീപക്കിനെ കുറിച്ച് നടൻ ഹരീഷ് കണാരൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ബസിൽ വച്ച് ആർത്തവ വേദന അനുഭവപ്പെട്ട പെൺകുട്ടിയോട് ദീപക് കാണിച്ച പ്രവർത്തിയെ പ്രശംസിച്ചു കൊണ്ടുള്ള വ്ലോഗറുടെ പോസ്റ്റാണ് ഹരീഷ് പങ്കുവച്ചത്. പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതിന് പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത് അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല..

അങ്ങയെ അത് ഓർമിപ്പിക്കുന്നു ..! - എന്നായിരുന്നു ബാദുഷയുടെ കമന്റ്.

കഴിഞ്ഞ വർഷം, കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന്റെ പേരിൽ തന്നെ ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്നും മാറ്റിയെന്ന് ഹരീഷ് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ഈ കമന്റ് ബാദുഷ പങ്കുവച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. . ബാദുഷയ്ക്ക് താൻ കടമായി 20 ലക്ഷം രൂപ നൽകിയിരുന്നുവെന്നും അതിൽ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് മുൻപ് ഹരീഷ് ആരോപിച്ചിരുന്നത്. ഒരുപാട് തവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും ഹരീഷ് പറഞ്ഞിരുന്നു. അതേസമയം, തനിക്ക് പറയാനുള്ളത് റേച്ചൽ എന്ന സിനിമയുടെ റിലീസിന് ശേഷം പറയുമെന്നാണ്ബാദുഷയുടെ നിലപാട്.