ഇന്ത്യ-യു.എ.ഇ വാണിജ്യ ഇടപാട് 20,000 കോടി ഡോളറാക്കും
ന്യൂഡൽഹി: ഇന്ത്യ-യു.എ.ഇ വാണിജ്യ ഇടപാട് 2032ൽ 20,000 കോടി ഡോളറായി ഉയർത്താൻ ധാരണയായി. ഇന്നലെ ഡൽഹിയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. പ്രതിരോധ,ഊർജ്ജ മേഖലകളിലെ സഹകരണം വിപുലമാക്കും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി വ്യാപാരം 10,000 കോടി യു.എസ് ഡോളറായിരുന്നു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളുടെ പിന്തുണയോടെ ഇത് ഇരട്ടിയാക്കും. 2028 മുതൽ പ്രതിവർഷം 10 ലക്ഷം ടൺ പ്രകൃതി വാതകം(എൽ.എൻ.ജി) ഇറക്കുമതി ചെയ്യാനും ധാരണയായി. വാണിജ്യ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നാഷണൽ പേമെന്റ് പ്ളാറ്റ്ഫോമുകൾ ബന്ധിപ്പിക്കും.
ഇന്നലെ വൈകിട്ട് 4.20ന് ഡൽഹിയിലെത്തിയ നഹ്യാൻ ലോക്കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്കു ശേഷം ആറോടെ മടങ്ങി. നഹ്യാന്റെ പത്ത് വർഷത്തിനിടെ അഞ്ചാമത്തെയും യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ മൂന്നാമത്തെയും ഔദ്യോഗിക സന്ദർശനമാണിത്.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും നഹ്യാനെ അനുഗമിച്ചു.
യെമനെ ചൊല്ലി സൗദിയുമായുള്ള തർക്കവും ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളും തുടരുന്നതിനിടെയാണ് യു.എ.ഇ ഉന്നതതല സംഘമെത്തിയത്. ഈ വിഷയങ്ങൾ ചർച്ചയായെങ്കിലും വിദേശകാര്യ മന്ത്രാലയം വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
ബഹിരാകാശ മേഖലയിൽ
സഹകരണം
ബഹിരാകാശ മേഖലയിൽ സഹകരണം,യു.എ.ഇയിൽ ബഹിരാകാശ വിക്ഷേപണ സൗകര്യം,സംയുക്ത ദൗത്യങ്ങൾ.
പശ്ചിമേഷ്യ,ആഫ്രിക്ക,യൂറേഷ്യ മേഖലകളിൽ എം.എസ്.എം.ഇകൾക്ക് പ്രോത്സാഹനത്തിന് 'ഭാരത് മാർട്ട്','വെർച്വൽ ട്രേഡ് കോറിഡോർ','ഭാരത്-ആഫ്രിക്ക സേതു' തുടങ്ങിയ സംരംഭങ്ങൾ നടപ്പിലാക്കും.
ഇന്ത്യയിൽ നിന്ന് ഭക്ഷ്യ,പച്ചക്കറി കയറ്റുമതി വർദ്ധിപ്പിക്കും.
ഗുജറാത്തിലെ ധോലേരയിൽ യു.എ.ഇയുടെ പ്രത്യേക നിക്ഷേപ മേഖല. വിമാനത്താവളം,തുറമുഖം,അർബൻ ടൗൺഷിപ്പ്,റെയിൽവേ കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ.
വലുതും ചെറുതുമായ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സഹായം.
ഇന്ത്യയിൽ എ.ഐ സൂപ്പർ കംപ്യൂട്ടിംഗ് ക്ളസ്റ്റർ.
ഡേറ്റാ സെന്റർ ക്ഷമത വർദ്ധിപ്പിക്കാൻ ഇന്ത്യയിൽ യു.എ.ഇ നിക്ഷേപം.
ഡിജിറ്റൽ ഡേറ്റാ എംബസി സ്ഥാപിക്കും
ടിപി വേൾഡിനും അബുദാബി ബാങ്കിനും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ്.
അബുദാബിയിൽ ഇന്ത്യൻ സാസ്കാരിക കേന്ദ്രവും മ്യൂസിയവും: 'ഹൗസ് ഓഫ് ഇന്ത്യ'.
ഇന്ത്യയിലെ ഡിജി ലോക്കറിനെ യു.എ.ഇ പ്ളാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കും.