യു.എ.ഇ പ്രസിഡന്റിന് തടിയൂഞ്ഞാലും പശ്‌മിന ഷാളും സമ്മാനം
Tuesday 20 January 2026 12:16 AM IST
ന്യൂഡൽഹി: ഡൽഹിയിലെത്തിയ യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും കുടുംബത്തെയും പരമ്പരാഗത ഇന്ത്യൻ സമ്മാനങ്ങൾ നൽകി ലോക് കല്യാൺ മാർഗിലെ വസതിയിൽ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ പ്രസിഡന്റിനെ പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിച്ചിരുന്നു. തുടർന്ന് ഒരു കാറിൽ യാത്ര ചെയ്‌തു. ഗുജറാത്തിൽ നിന്നുള്ള തടിയിൽ കൊത്തിയ ഊഞ്ഞാലും അലങ്കരിച്ച വെള്ളി പെട്ടിയിൽ കൈകൊണ്ട് തുന്നിയ കാശ്‌മീരി കമ്പിളി പശ്മിന ഷാളും മോദി യു.എ.ഇ പ്രസിഡന്റിന് സമ്മാനിച്ചു. അലങ്കാര വെള്ളി പെട്ടി തെലങ്കാനയിൽ നിർമ്മിച്ചതാണ്. പ്രസിഡന്റിന്റെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്റ് മുബാറക് അൽ കെത്ബിക്ക് പശ്മിന ഷാളിനൊപ്പം അലങ്കരിച്ച വെള്ളിപ്പെട്ടിയിൽ കാശ്മീരി കുങ്കുമപ്പൂവും സമ്മാനിച്ചു.