കോയമ്പത്തൂർ സ്വർണക്കവർച്ച കേസിൽ മരട് അനീഷ് അറസ്റ്റിൽ

Tuesday 20 January 2026 2:25 AM IST

കൊച്ചി: മലയാളി സ്വർണാഭരണ നിർമ്മാതാവിൽ നിന്ന് 1.25 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കെ.ജി ചാവടിയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ എറണാകുളം സബ്‌ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം മധുക്കരൈ കോടതിയിൽ അറിയിക്കും. ഇതോടെ അനീഷിനെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട‌് പുറപ്പെടുവിക്കുമെന്ന് തമിഴ്നാട് പൊലീസ് സംഘം അറിയിച്ചു.

എറണാകുളം സബ്‌ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് കിട്ടുന്ന മുറയ്‌ക്ക് കൊച്ചി സിറ്റി എ.ആർ ക്യാമ്പ് പൊലീസ് അനീഷിനെ മധുക്കരൈ കോടതിയിൽ ഹാജരാക്കും. കോയമ്പത്തൂരിൽ മരട് അനീഷിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർ കഴിഞ്ഞദിവസം എറണാകുളത്തെ അനീഷിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

2025 ജൂണിലാണ് കൊച്ചി-സേലം ഹൈവേയിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാതാവ് ജെയ്സൺ ജേക്കബ്ബിനെയും സഹായി വിഷ്ണുവിനെയും വാഹനം തടഞ്ഞുനിർത്തിയ ശേഷം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തത്. ചെന്നൈയിൽ നിന്ന് 1.25 കിലോ സ്വർണബിസ്കറ്റുകളുമായി കോയമ്പത്തൂരിൽ ട്രെയിനിൽ വന്നിറങ്ങിയ ജെയ്‌സണും സഹായിയും ഇവിടെ നിന്ന് ആഡംബരകാറിൽ തൃശൂരിലേക്ക് വരുമ്പോൾ എട്ടിമട പെട്രോൾ പമ്പിന് സമീപം വച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. ജെയ്‌സൺ സഞ്ചരിച്ച കാർ സഹിതമാണ് കവ‌ർച്ചാസംഘം കടന്നത്. കേസിൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആലുപ്പുഴ സ്വദേശികളായ വിഷ്ണു, അൻഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു, ഇവരിൽ നിന്നാണ് മരട് അനീഷിനെ കുറിച്ച് വിവരം ലഭിച്ചതും പ്രതി ചേർത്തതും.

ജനുവരി 15നാണ് പനമ്പുകാട് നിന്ന് മരട് അനീഷിനെ വടക്കൻപറവൂർ പൊലീസും മുളവുകാട് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്ത് എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയത്. വിവരമറിഞ്ഞ് തമിഴ്നാട് പൊലീസ് അന്നു തന്നെ കൊച്ചിയിലെത്തിയെങ്കിലും 2005ൽ പൊലീസുകാരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എൽ.പി വാറണ്ട് കേസിൽ എറണാകുളം കോടതിയിൽ ഹാജരാക്കി സബ് ജയിലിൽ റിമാൻഡ് ചെയ്തു. 51 കേസുകളിൽ പ്രതിയായ ഇയാൾ റിമാൻഡിലായതോടെ ജയിലിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാണ്.