23ന് പ്രധാനമന്ത്രി 2 മണിക്കൂർ തിരുവനന്തപുരത്ത്;  ഒരേ വേദിയിൽ 2 പരിപാടികൾ

Tuesday 20 January 2026 1:33 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂർ മാത്രം.കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും,ബി.ജെ.പിയും സംഘടിപ്പിക്കുന്ന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം.തുടർന്ന് 10.45 മുതൽ 11.20 വരെയാണ് റെയിൽവേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടിയും.ബി.ജെ.പി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോർപ്പറേഷന് വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ചടങ്ങിൽ നടത്തും.12.40ന് അദ്ദേഹം ചെന്നൈയിലേക്ക് പോകും.

ഫെബ്രുവരിയിൽ റെയിൽവേയുടെ ഉൾപ്പെടെ പരിപാടികൾക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്.

23ന് നടക്കുന്ന പരിപാടിക്കായി റെയിൽവേയും ബി.ജെ.പിയും സെൻട്രൽ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്.ഇതിനായി ഇരുകൂട്ടരും സർക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.തുടർന്നാണ് ഇരുപരിപാടികളും പുത്തരിക്കണ്ടത്തെ വേദിയിൽ സംഘടിപ്പിക്കാൻ തീരുമാനമായത്.സെൻട്രൽ സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്.