ബംഗാൾ എസ്.ഐ.ആർ, 1.25 കോടി വോട്ടർമാരുടെ പേരുകൾ ഉടൻ പ്രസിദ്ധീകരിക്കണം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി

Tuesday 20 January 2026 12:37 AM IST

ന്യൂഡൽഹി: പശ്ചിമബംഗാളിലെ 1.25 കോടി വോട്ടർമാരുടെ ആശങ്കയിൽ ഇടപെട്ട് സുപ്രീംകോടതി. രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്ന വോട്ടർമാരുടെ പേരുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടു. ഗ്രാമപഞ്ചായത്ത്,ബ്ലോക്ക്-വാർഡ് ഓഫീസുകളിൽ അടക്കം പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം.

സുതാര്യമായ പരിശോധന നടത്തണം. വോട്ടർമാരുടെ അവകാശവാദങ്ങളും തർക്കവും കേൾക്കണം. പ്രതിനിധികൾ മുഖേനയും രേഖകൾ സമർപ്പിക്കാൻ വോട്ടർമാരെ അനുവദിക്കണം. ഇതിനായി ബ്ലോക്ക് ഓഫീസുകളിലടക്കം സൗകര്യമേർപ്പെടുത്തണം. രേഖകൾ സമ‌ർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും കമ്മിഷനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വോട്ടർ പട്ടികയിൽ പേരുചേ‌ർക്കാൻ പത്താംക്ലാസ് അഡ്മിറ്റ് കാർഡും രേഖയായി സ്വീകരിക്കാവുന്നതാണ്. ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ തൃണമൂൽ എം.പിമാരായ ‌ഡെറിക് ഒബ്രയെനും ഡോല സെന്നും ഉൾപ്പെടെ സമർപ്പിച്ച ഹ‌ർജികൾ പരിഗണിക്കവെയാണിത്. സുപ്രീംകോടതി ഇടപെടലിനെ തൃണമൂൽ കോൺഗ്രസ് സ്വാഗതം ചെയ്‌തു.

ക്രമസമാധാനം

ഉറപ്പാക്കണം

ബംഗാളിൽ ക്രമസമാധാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നി‌ർദ്ദേശിച്ചു. എസ്.ഐ.ആർ പ്രക്രിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ നടക്കണം. അക്കാര്യം ഡി.ജി.പി ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന എണ്ണം ജീവനക്കാരെ സംസ്ഥാന സർക്കാർ ജോലിക്ക് നിയോഗിക്കണം. ജില്ലാ കളക്‌ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കണം.

സുതാര്യതയില്ലെന്ന്

ഹർജിക്കാർ

എസ്.ഐ.ആർ നടപടികളിൽ സുതാര്യതയില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ സംബന്ധിച്ച നിർദ്ദേശങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അല്ലാതെ വാട്സാപ്പ് തുടങ്ങി സാമൂഹിക മാദ്ധ്യമങ്ങൾ മുഖേനയാണ് ബി.എൽ.ഒമാർക്ക് കൈമാറുന്നത്. കോടിക്കണക്കിന് വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാകുന്ന സാഹചര്യമാണ്. ഹിയറിംഗിന് 500 ഇടങ്ങൾ മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും അറിയിച്ചു. എല്ലാ നി‌‌‌ർദ്ദേശവും വാട്സാപ്പിലൂടെ നൽകരുതെന്നും സർക്കുലറായി ഇറക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു.