നിതിൻ നബിൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ, പ്രഖ്യാപനം ഇന്ന്

Tuesday 20 January 2026 12:41 AM IST

ന്യൂഡൽഹി: തലമുറമാറ്റത്തിന് വഴിതുറന്ന് ബീഹാറിൽ നിന്നുള്ള നിതിൻ നബിനെ ഇന്ന് ബി.ജെ.പിയുടെ 12-ാം ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിക്കും. മൂന്നു വർഷത്തേക്ക് നിയമിക്കപ്പെടുന്ന നിതിന്റെ ആദ്യ പരീക്ഷണം കേരളം,പശ്ചിമ ബംഗാൾ,തമിഴ്നാട്,അസാം,പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പാണ്. കേന്ദ്രത്തിൽ നാലാമൂഴം ഉറപ്പിക്കാൻ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും ബി.ജെ.പി ഇറങ്ങുക.

ഇന്നലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ നിതിൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും നിതിനു വേണ്ടി പത്രിക സമർപ്പിച്ചു. 30 സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും അടക്കം 37 സെറ്റ് പത്രികകൾ നിതിന് അനുകൂലമായി ലഭിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ,നിതിൻ ഗഡ്‌കരി,കിരൺ റിജിജു,ധർമ്മേന്ദ്ര പ്രധാൻ കേരള അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ,കെ. സുരേന്ദ്രൻ,പി.കെ. കൃഷ്‌ണദാസ്,ശോഭാ സുരേന്ദ്രൻ, ശ്യാംലാൽ, അനിൽ ആന്റണി, അബ്‌ദുള്ളക്കുട്ടി, കെ.പി. ശ്രീശൻ, കെ.എസ്. രാധാകൃഷ‌്‌ണൻ, ആലി ഹാജി, പി.എം. വേലായുധൻ, പ്രമീള ദേവി, വി.ടി. രമ, പി. രാഘവൻ തുടങ്ങിയവരും പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ഡിസംബറിൽ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ 45കാരനായ നിതിൻ ബി.ജെ.പിയുടെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷനാണ്. ഇതുവഴി യുവാക്കളെ ആകർഷിച്ച് തലമുറ മാറ്റത്തിന് തുടക്കം കുറിക്കാൻ പാർട്ടി ലക്ഷ്യമിടുന്നു. 2014ൽ 49-ാം വയസിൽ അദ്ധ്യക്ഷനായ അമിത് ഷായുടെ റെക്കാഡാണ് നിതിൻ മറികടക്കുക. ബീഹാറിൽ നിന്നുള്ള ആദ്യ ദേശീയ അദ്ധ്യക്ഷനാകുന്ന നിതിൻ അന്തരിച്ച മുൻ മന്ത്രി നബിൻ കിഷോർ സിൻഹയുടെ മകനാണ്. 2006ൽ പിതാവ് മരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ പട്‌ന വെസ്റ്റിൽ ജയിച്ച് നിയമസഭാംഗമായി. 2010 മുതൽ ബങ്കിപൂർ എം.എൽ.എ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ രേഖാകുമാരിയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തി. നിലവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ റോഡ് നിർമ്മാണ,നഗരവികസന,ഭവന നിർമ്മാണ മന്ത്രി.

എ.ബി.വി.പിയിലൂടെ യുവമോർച്ച ദേശീയ നേതൃത്വത്തിലെത്തി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായും ബീഹാർ സംസ്ഥാന പ്രസിഡന്റായും നിരവധി സംസ്ഥാനങ്ങളിൽ പ്രഭാരിയായും സേവനമനുഷ്ഠിച്ചു. സിക്കിം,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തിയതിലെ മിടുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രീതി നേടിയെടുത്തു.