കാശ്മീരിൽ ഏറ്റുമുട്ടൽ: ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സെെനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. ഏറ്റുമുട്ടലിൽ എട്ട് ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്കാണ് കിഷ്ത്വാറിലെ ഛത്രൂ സിംഗ്പോറ മേഖലയിൽ സെെന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ ജെയ്ഷെ ഭീകരരുടെ എട്ടുപേരടങ്ങുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സെെന്യം എത്തിയത്. തെരച്ചിൽ സംഘം വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന മൂന്ന് പേരടങ്ങുന്ന ഭീകരരുടെ സംഘം സൈനികർക്കുനേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. സുരക്ഷാവലയം ഭേദിച്ച് രക്ഷപ്പെടാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വെടിവയ്പ് നടന്നു. ഭീകരരെ തുരത്തുന്നതിന് ഇന്ത്യൻ സൈന്യം ആരംഭിച്ച 'ഓപ്പറേഷൻ ട്രാഷി' എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവയ്പ്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സി.ആർ.പി.എഫും പ്രദേശത്ത് വിന്യസിച്ചു.
ഭീകരരുടെ ഒളിത്താവളം
തകർത്തു
ഛത്രൂവിലെ സിംഗ്പോറ പ്രദേശത്ത് 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ഒരു ഭൂഗർഭ ഒളിത്താവളം ഇന്നലെ സുരക്ഷാ സേന തകർത്തു. ഒന്നിലധികം പ്രവേശന, എക്സിറ്റ് പോയിന്റുകളുള്ള ഈ ഒളിത്താവളത്തിൽ ഒരേസമയം നാലിലധികം ഭീകരരെ ഉൾക്കൊള്ളാനാവും. കൂടാതെ ഭക്ഷണം, പാചക വാതകം, ധാന്യങ്ങൾ, പുതപ്പുകൾ തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെടുത്തു.