കൽപ്പറ്റയിൽ ആർ.ജെ.ഡി തന്നെ മത്സരിക്കും

Tuesday 20 January 2026 2:27 AM IST

കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിൽഎൽ.ഡി.എഫിൽ ആർ.ജെ.ഡി തന്നെ മത്സരിക്കാൻ ഏകദേശ ധാരണയായി. ആർ.ജെ.ഡിയുടെ സിറ്റിംഗ് സീറ്റ് എന്ന നിലയ്ക്ക് അവർ തന്നെ മത്സരിക്കട്ടെ എന്ന ധാരണയിലാണ് സി.പി.എം ഉൾപ്പെടെയുള്ള മറ്റുകക്ഷികൾ. കഴിഞ്ഞതവണ എംവി ശ്രേയാംസ് കുമാർ ചെറിയവോട്ടുകൾക്കാണ് ടി.സിദ്ദിഖിനോട് പരാജയപ്പെട്ടത്. ഇത്തവണ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ വിജയ സാദ്ധ്യതയുണ്ടെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ നടപ്പിലാക്കുന്നത് കൽപ്പറ്റ നിയോജക മണ്ഡലത്തിലാണ്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പ് പദ്ധതിയും വയനാട്‌-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കപാത പദ്ധതിയും നടപ്പിലാക്കുന്നത് മണ്ഡലത്തിലാണ്. അഭിമാനകരമായ പദ്ധതിയായാണ് രണ്ട് പദ്ധതികളെയും സർക്കാർ കാണുന്നത്. അതിനാൽ തന്നെ കൽപ്പറ്റ മണ്ഡലത്തിൽ അനുകൂലമാകും എന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഇത്തവണ എം വി ശ്രേയാംകുമാർ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. എംവി ശ്രേയാംസ് കുമാറിന് മത്സരിക്കാൻ താത്പ്പര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ പാർട്ടി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.കെ അനിൽകുമാറിനാണ് കൂടുതൽ സാദ്ധ്യത. രണ്ട് യുവനേതാക്കളെയും പരിഗണിക്കുന്നുണ്ട്.