ക്ഷേത്രം സംരക്ഷിക്കേണ്ടവർ കൊള്ളക്കാരായി:എസ്.ഐ.ടി
കൊച്ചി: ക്ഷേത്രനന്മയ്‌ക്കും ദേവഹിതത്തിനും വേണ്ടിയെന്ന് പ്രഥമദൃഷ്ട്യാ തോന്നിച്ച ഭരണപരമായ നടപടികൾ
വൻ കൊള്ളയുടെ ഭാഗമായിരുന്നുവെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമായതായി എസ്.ഐ.ടി. ദേവന്റെ സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുടെ ഒത്താശയിലായിരുന്നു എല്ലാം. ഭരണപരമായ മേൽനോട്ടക്കുറവുണ്ടായെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേ തുടർന്ന് , എസ്.ഐ.ടി തലവൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആവശ്യപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും സേവനവും മറ്റ് സൗകര്യങ്ങളും ലഭ്യക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സംഘത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഇന്നലെ കോടതിയിൽ ഹാജരായി. ഇതുവരെയുള്ള അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. അടുത്തമാസം 9ന് വിശദമായ റിപ്പോർട്ട് നൽകും.
കവർന്ന സ്വർണം
തിട്ടപ്പെടുത്തണം 1998ൽ വിവിധ പാളികളിൽ സ്വർണം പൂശിയപ്പോൾ ഉണ്ടായിരുന്ന കൃത്യമായ അളവ്, 2019ൽ വീണ്ടും സ്വർണം പൂശിയപ്പോൾ ഉള്ള അളവ് എന്നിവ കണ്ടെത്തുകയാണ് ഈ ഘട്ടത്തിലെ പ്രധാനദൗത്യം. സ്വർണം പൂശിയ യഥാർത്ഥ പാളികൾ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. റിപ്പോർട്ട് സാങ്കേതികമായതിനാൽ, കണ്ടെത്തലുകൾ വിശകലനം ചെയ്യാൻ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെയും മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയെ എസ്.ഐ.ടി അറിയിച്ചു.