മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പരാതി

Tuesday 20 January 2026 2:39 AM IST

ആലപ്പുഴ: വിവാദ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഡി.ജി.പിക്ക് പരാതി നൽകി. മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നാണ് പരാതി.

കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്ന പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

മന്ത്രി ആർ.എസ്.എസ് ഏജന്റാണെന്നും ബിനു ചുള്ളിയിൽ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് തിരുവനന്തപുരം കോ‌ർപ്പറേഷനിലേക്കും പാലക്കാട് നഗരസഭയിലേക്കും നോക്കൂവെന്ന് പറയാത്തതെന്നും ചോദിച്ചു.

പ്രസ്താവന ബോധപൂർവമാണ്. മതപരമായ വേർതിരിവ് ഉണ്ടാക്കാനാണ് ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആർ.എസ്.എസിന്റെ വോട്ട് വാങ്ങാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രിമാരായ സജി ചെറിയാനെയും വി.എൻ. വാസവനെയുമാണ്. ചെങ്ങന്നൂരിൽ മാത്രം ഉണ്ടാക്കിയ ഡീലാണോ സംസ്ഥാന ഡീൽ ആണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു. ഹനുമാൻ സേനയുടെ മാനസികാവസ്ഥയിലേയ്ക്ക് മന്ത്രി സജി ചെറിയാൻ മാറി. മന്ത്രിക്കെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.