ഫ്ലക്‌സുകൾ വേഗം മാറ്റും, നഗരം ക്ലീനാക്കുന്നു
തിരുവനന്തപുരം: നഗരത്തിൽ ഫ്ലക്‌സ് നീക്കം ഊർജ്ജിതം. പരിപാടികൾ കഴിഞ്ഞശേഷവും മാറ്റാതെ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സുകൾ, അടിയന്തരമായി നീക്കാൻ മേയർ വി.വി.രാജേഷ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫ്ലക്‌സ് നീക്കലിന് വേഗം കൂടിയത്.
നഗരത്തിലെ ഫ്ലക്‌സുകൾ മാറ്റാൻ കോർപ്പറേഷനിൽ നിന്ന് കരാറെടുത്തിട്ടുള്ള ഏജൻസിയായ ടാക്കോയുടെ അധികൃതരെ, മേയർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്.പരിപാടി കഴിഞ്ഞാൽ യഥാസമയം ഫ്ളക്സ് മാറ്റാനുള്ള ഉത്തരവാദിത്വത്തിൽ, ഏജൻസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്ന് മേയർ അറിയിച്ചു.
പിന്നാലെ കോർപറേഷൻ ഓഫീസ്,സെക്രട്ടേറിയറ്റ് പരിസരം തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം ഫ്ളക്സുകളും ബോർഡുകളും ബാനറുകളും ഹോർഡിംഗുകളും നീക്കി. കോർപ്പറേഷൻ ജീവനക്കാരും ഫ്ലക്‌സ് നീക്കത്തിൽ പങ്കാളികളായി.നഗരത്തിൽ അനധികൃതമായുള്ള ഫ്ളക്സുകൾ യഥാസമയം നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഫ്ലക്സോ ബോർഡുകളോ ബാനറുകളോ സ്ഥാപിക്കുന്നതിന് ഏഴ് ദിവസം മുൻപ് അനുമതി വാങ്ങണം, റോഡിലോ നടപ്പാതയിലോ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കും വിധം ബോർഡുകൾ സ്ഥാപിക്കരുത് തുടങ്ങിയ കർശനനിർദേശങ്ങൾ കോർപ്പറേഷന്റെ നിയമാവലിയിലുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
നിയന്ത്രണം വരും
പൊതുവേ നഗരത്തിൽ പരിപാടികളുടെ ഫ്ലക്സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് കോർപ്പറേഷന്റെ നീക്കം.ഫ്ളക്സുകൾ സ്ഥാപിക്കുന്നതിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടികളായതിനാൽ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചശേഷം ഇതിൽ തീരുമാനമെടുക്കും.
യഥാസമയം ഫ്ളക്സുകൾ മാറ്റാത്ത ഏജൻസിക്ക് ഫൈൻ ഈടാക്കൽ,ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കും കോർപറേഷൻ ആലോചിക്കുന്നുണ്ട്.
ഫ്ലക്സുകൾ മാറ്റുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല.അതിന് രാഷ്ട്രീയ,സംഘനാ വ്യത്യാസങ്ങളില്ല.യഥാസമയം മാറ്റിയില്ലെങ്കിൽ ഫ്ലക്‌സ് ബോർഡുകൾ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണ്.ഇക്കാര്യത്തിൽ കോർപറേഷൻ കൃത്യമായി നടപടിയെടുക്കും.
വി.വി.രാജേഷ്,മേയർ