കോൺഗ്രസിന്റേത് രാഷ്ട്രീയ ചെറ്റത്തരം : മുഖ്യമന്ത്രി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ സംഘടനകളുമായി കൊടുക്കലും വാങ്ങലും നടത്താൻ കോൺഗ്രസിനും യു.ഡി.എഫിനും ശങ്കയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് 'വി.എസ്.ഭവൻ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറച്ച് വോട്ടിനും സീറ്റിനും വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാമെന്ന നിലയിലേക്ക് കോൺഗ്രസ് അധ:പതിച്ചു. മതനിരപേക്ഷ നിലപാടെടുത്ത നെഹ്റുവിന്റെ രക്തം കോൺഗ്രസുകാർ എപ്പോഴേ ഉപേക്ഷിച്ചു. വർഗീയതയുമായി സമരസപ്പെടാനുള്ള വല്ലാത്ത താത്പര്യമാണ് കോൺഗ്രസിന്. കോൺഗ്രസിന്റെ അറിയപ്പെടുന്ന ഒട്ടേറെ നേതാക്കൾ ബി.ജെ.പി നേതാക്കളാണിപ്പോൾ. ആർ.എസ്.എസിന്റെ ആടയാഭരണങ്ങൾ എടുത്തണിയാൻ തയ്യാറാകുന്ന പല കോൺഗ്രസ് നേതാക്കളെയും കാണാൻ കഴിയും.
മതനിരപേക്ഷത ഒരു കാലത്തും ആർ.എസ്.എസ് അംഗീകരിച്ചതല്ല. ഈ രാഷ്ട്രം
മതാധിഷ്ഠിത രാഷ്ട്രമാക്കണമെന്നാണ് അവർ ആഗ്രഹിച്ചതും അതിനനുസരിച്ച നിലപാടാണ് സ്വീകരിച്ചതും. അവർക്ക് രാജ്യത്ത് നടപ്പാക്കേണ്ടത് മനുസ്മൃതിയായിരുന്നു. അപ്പോഴൊക്കെ കോൺഗ്രസ് വർഗീയതയുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ എല്ലാക്കാലത്തും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുവേണ്ടി കരുത്താർന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.