ഡിജിറ്റൽ അറസ്റ്റ്: വനിതാ ഡോക്ടറുടെ 10.5 ലക്ഷം തട്ടിയ പഞ്ചാബി അറസ്റ്റിൽ
കണ്ണൂർ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി തലശേരി സ്വദേശിനിയായ വനിതാ ഡോക്ടറുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. പഞ്ചാബ് ലുധിയാന സ്വദേശി ജീവൻ റാമിനെയാണ് (28) കണ്ണൂർ സിറ്റി സൈബർ പൊലീസ് പഞ്ചാബിലെ ഉൾഗ്രാമത്തിൽ
വച്ച് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 30 നാണ് കേസിനാസ്പദമായ സംഭവം. മുംബയ് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ് ആപ്പ് വീഡിയോ കാളിലൂടെയാണ് തട്ടിപ്പ് സംഘം വനിതാ ഡോക്ടറെ ബന്ധപ്പെട്ടത്. കണ്ണൂർ സിറ്റി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ പണം പ്രതിയായ ജീവൻ റാം ചെക്ക് വഴി അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായി കണ്ടെത്തി. പ്രതിയെ പിടി കൂടാനായി ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ലൊക്കേഷൻ അടിക്കടി മാറുന്നത് പൊലീസിനെ വട്ടം കറക്കി. അഞ്ചു ദിവസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് എസ്.ഐ ടി.പി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.