പോളണ്ട് പാക് അനുകൂല നിലപാട് തിരുത്തണം: ജയശങ്കർ
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്, സഹായമായ നിലപാടുകളിൽ നിന്ന് പോളണ്ട് പിൻവാങ്ങണമെന്ന് ഇന്ത്യ. ഡൽഹിയിൽ പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയുടെ ആശങ്കകൾ ഉന്നയിച്ചത്. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പോളണ്ടിന്റെ നിലപാടിനെ അപലപിച്ചു.
കഴിഞ്ഞ ഒക്‌ടോബറിൽ സിക്കോർസ്‌കിയുടെ പാകിസ്ഥാൻ സന്ദർശനത്തിനിടെ സംയുക്ത പ്രസ്‌താവനയിൽ ജമ്മു കാശ‌്മീരുമായി ബന്ധപ്പെട്ട പരാമർശം ഉൾപ്പെട്ടതിലുള്ള പ്രതിഷേധമാണ് ഇന്ത്യ ഉയർത്തിയത്. ഇത്തരം നിലപാടുകൾ ഭീകരതയ്‌ക്ക് പ്രോത്സാഹനമാകുമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ഭീകരത ഇന്ത്യയുടെ ദീർഘകാല ആശങ്കയാണ്. ' പോളണ്ട് ഭീകരതയോട് വിട്ടുവീഴ്ച കാണിക്കരുത്. അയൽപക്കത്തെ ഭീകര കേന്ദ്രങ്ങൾ വളർത്താൻ സഹായിക്കരുത് " -ജയശങ്കർ വ്യക്തമാക്കി. അടുത്തിടെ പോളണ്ടിൽ നടന്ന അക്രമണങ്ങൾ സൂചിപ്പിച്ച സിക്കോർസ്‌കി തങ്ങളും ഭീകരവാദത്തിന് ഇരയായിട്ടുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട് റഷ്യാ വിരുദ്ധ ചേരിയിലുള്ള പോളണ്ട് വാണിജ്യ ഇടപാടുകളുടെ പേരിൽ ഇന്ത്യയെ ലക്ഷ്യമിടുന്നതിലുള്ള അതൃപ്‌തി പങ്കുവച്ച ജയശങ്കർ, ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുന്നുണ്ടെന്നും പറഞ്ഞു. അതേസമയം,ഉയർന്ന നികുതി ചുമത്തി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള യു.എസ് നീക്കങ്ങളോട് യോജിക്കുന്നില്ലെന്ന് സിക്കോർസ്‌കി വ്യക്തമാക്കി.
# തന്ത്രപരമായ
പങ്കാളിത്തം തുടരും
ഇന്ത്യ-പോളണ്ട് തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്‌ത ഇരുവരും പ്രാദേശിക,ആഗോള സംഭവവികാസങ്ങളിലെ വീക്ഷണങ്ങൾ കൈമാറി. 2024 ആഗസ്റ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശന വേളയിൽ തുടക്കമിട്ട തന്ത്രപരമായ പങ്കാളിത്ത നീക്കങ്ങൾ തുടരും. വ്യാപാരം,നിക്ഷേപം,പ്രതിരോധം,സുരക്ഷ, സാങ്കേതിക വിദ്യ,ഡിജിറ്റൽ നവീകരണം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കും.