ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവൃത്തി; ഡിജിപിക്ക് സസ്‌പെൻഷൻ

Tuesday 20 January 2026 10:39 AM IST

ബംഗളൂരു: ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവൃത്തികൾ നടത്തിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപി (സിവിൽ റെെറ്റ്സ് എൻഫോഴ്‌സ്‌മെന്റ്) കെ രാമചന്ദ്ര റാവുവിനെ സസ്‌പെൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ ഡിജിപിയുടെ പെരുമാറ്റത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി ഡിജിപിയെ സസ്‌പെൻഡ് ചെയ്തത്.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത അശ്ലീലമായ പെരുമാറ്റമാണ് രാമചന്ദ്ര റാവുവിൽ നിന്ന് ഉണ്ടായത്. കൂടാതെ സർക്കാരിന് നാണക്കേട് ഉണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞദിവസം കന്നഡ ടിവി ചാനലുകളടക്കം ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എട്ടുവർഷം മുൻപ് റാവു ബെളഗാവിയിൽ ജോലിചെയ്യുമ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സൂചനയുണ്ട്. മൂന്ന് ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് ദൃശ്യങ്ങളിൽ യൂണിഫോമിലാണ് റാവു. എന്നാൽ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)​ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വിശദീകരണം.

സംഭവത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞവർഷം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ യുവ കന്നഡ നടി റന്യ റാവുവിന്റെ പിതാവാണ് രാമചന്ദ്ര റാവു. സ്വർണക്കടത്തിന് സഹായം ചെയ്‌തെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് റാവുവിനെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടപടി ഒഴിവാക്കി.