'എന്റെ  നിഷ്‌കളങ്കനായ  ഭർത്താവിനെ ഇതിലേക്ക്  വലിച്ചിഴയ്‌ക്കരുത്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗായിക 

Tuesday 20 January 2026 11:14 AM IST

മുംബയ്: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നിന്ന് കുറച്ച് കാലത്തേക്ക് വിട്ടുനിൽക്കുകയാണെന്ന് ബോളിവുഡ് ഗായിക നേഹ കക്കർ പ്രഖ്യാപനം നടത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. കാൻഡി ഷോപ് എന്ന ഗാനത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. നേഹ ഭർത്താവ് രോഹൻപ്രീതുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും ഇതിനോടൊപ്പം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നേഹ കക്കർ.

ഭർത്താവിനെയോ കുടുംബത്തെയോ ഈ വിഷയത്തിൽ വലിച്ചിഴക്കരുതെന്ന് നേഹ അഭ്യർത്ഥിച്ചു. എന്നാൽ മറ്റ് ചില ആളുകളോട് തനിക്ക് അതൃപ്തിയുണ്ടെന്നും അവർ വെളിപ്പെടുത്തി.

'ദയവായി എന്റെ നിഷ്‌കളങ്കനായ ഭർത്താവിനെയോ പ്രിയപ്പെട്ട കുടുംബത്തെയോ ഇതിലേക്ക് വലിച്ചിഴയ്‌ക്കരുത്. എനിക്കറിയുന്നതിൽ ഏറ്റവും ശുദ്ധരായ ആളുകളാണ് അവർ. ഇന്ന് ഞാൻ എത്തിനിൽക്കുന്ന ഉയരങ്ങൾക്ക് കാരണം അവരുടെ പിന്തുണയാണ്. മറ്റ് ചില ആളുകളും സംവിധാനങ്ങളുമാണ് എന്നെ അസ്വസ്ഥയാക്കുന്നത്. എന്റെ ഭർത്താവിനെയും കുടുംബത്തെയും ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- നേഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

താൻ അല്പം വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഗായിക കൂട്ടിച്ചേർത്തു. ഉടൻ തന്നെ താൻ മടങ്ങി വരുമെന്നും നേഹ കക്കർ ആരാധകരോട് പറഞ്ഞു.