മൂന്നാം ലോക മഹായുദ്ധമോ? ഗ്രീൻലൻഡിൽ യുഎസ് സൈനിക വിമാനങ്ങൾ ഉടൻ എത്തും; നിരീക്ഷണം ശക്തമാക്കി ഡെന്മാർക്ക്
വാഷിംഗ്ടൺ: ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളെത്തുടർന്ന് നയതന്ത്ര-സൈനിക സംഘർഷം കടുക്കുന്നു. ഇതിന്റെ ഭാഗമായി വടക്കുപടിഞ്ഞാറൻ ഗ്രീൻലൻഡിലെ പിറ്റുഫിക് സ്‌പേസ്‌ബേസിൽ അമേരിക്ക സൈനിക വിമാനങ്ങൾ വിന്യസിക്കും. ആർട്ടിക് മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം.
മുമ്പ് 'തൂൾ എയർബേസ്' എന്നറിയപ്പെട്ടിരുന്ന പിറ്റുഫിക്കിലേക്ക് ഉടൻ വിമാനങ്ങൾ എത്തുമെന്ന് നോർത്ത് അമേരിക്കൻ ഏറോസ്‌പേസ് ഡിഫൻസ് കമാൻഡ് അറിയിച്ചു. വടക്കേ അമേരിക്കയുടെ പ്രതിരോധത്തിനായുള്ള പതിവ് പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നാണ് യുഎസിന്റെ വിശദീകരണം. മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പിറ്റുഫിക് സ്‌പേസ്‌ബേസ് ആർട്ടിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക കേന്ദ്രമാണ്.
ഗ്രീൻലൻഡ് വിഷയത്തിൽ തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി മുന്നോട്ടു പോകമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ കനത്ത തീരുവചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം താരിഫായിരിക്കുംഏർപ്പെടുത്തുക. ജൂണിൽഇത് 25ശതമാനമായി ഉയർത്താനാണ് ട്രംപിന്റെ തീരുമാനം. അമേരിക്കയുടെ നീക്കങ്ങൾക്കിടെ ഡെന്മാർക്കും ഗ്രീൻലൻഡിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കി. നൂറിലധികം സൈനികരും സൈനിക മേധാവിയും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ഗ്രീൻലൻഡിലെ നൂക്ക്, കാംഗർലൂസുവക് എന്നിവിടങ്ങളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
ഗ്രീൻലൻഡിനെ നിയന്ത്രണത്തിലാക്കാൻ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന ട്രംപിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. റഷ്യയുടെയും ചൈനയുടെയും സ്വാധീനം തടയാൻ ഗ്രീൻലൻഡ് അമേരിക്കയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം.
എന്നാൽ ഇതിനെതിരെ ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ ഭീഷണികൾക്കെതിരെ ശക്തമായ യൂറോപ്യൻ പ്രതികരണംവേണമെന്നാണ് ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. അമേരിക്ക വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി.
ഗ്രീൻലൻഡിന്റെ സുരക്ഷയെക്കുറിച്ച് ഡെന്മാർക്ക് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തിയതായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അറിയിച്ചു. ഗ്രീൻലൻഡിൽ കൂടുതൽ യുഎസ് സൈനിക സാന്നിദ്ധ്യം അനുവദിക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് ഡെന്മാർക്ക് അറിയിച്ചിട്ടുണ്ടെങ്കിലും, പ്രദേശത്തിന്റെ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടിലാണ് അവർ. അതേസമയം ഗ്രീൻലൻഡിനെ പിടിച്ചെടുക്കാൻ യുഎസ് ബലം പ്രയോഗിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.