'മൈക്ക് ഓഫ് ചെയ്തു, ദേശീയ ഗാനത്തെ അപമാനിച്ചു'; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭവിട്ട് തമിഴ്‌നാട് ഗവർണർ
ചെന്നൈ: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭയിൽ നിന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. ദേശീയ ഗാനത്തെ അനാദരിച്ചെന്ന് കാട്ടിയാണ് ഇറങ്ങിപ്പോക്ക്. സഭാനടപടിക്കിടെ തന്റെ മൈക്ക് സ്വിച്ച് ഓഫ് ചെയ്തുവെന്നും ഗവർണർ ആരോപിച്ചു. 'ദേശീയ ഗാനത്തിന് ആദരവ് നൽകാത്തതിൽ ഞാൻ നിരാശനാണ്. എന്റെ പ്രസംഗം തടസപ്പെടുത്തിയതും നിർഭാഗ്യകരമാണ്'- ആർ എൻ രവി വ്യക്തമാക്കി.
സംഭവം വലിയ വിമർശനങ്ങൾക്കിടയാക്കിയതിന് പിന്നാലെ സഭയിലെ നിയമങ്ങൾ പാലിക്കണമെന്ന് സ്‌പീക്കർ എം അപ്പാവ് ആവശ്യപ്പെട്ടു. പിന്നാലെ ഗവർണറുടെ നടപടി സംബന്ധിച്ച് രാജ്‌ഭവൻ പത്രക്കുറിപ്പ് പുറത്തിറക്കി. 'ഗവർണറുടെ മൈക്ക് നിരന്തരം സ്വിച്ച് ഓഫ് ചെയ്തു, അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. ദളിതർക്കും ദളിത് സ്‌ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങൾ പ്രസംഗത്തിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടു. ദേശീയ ഗാനം വീണ്ടും അപമാനിക്കപ്പെട്ടു. അടിസ്ഥാന ഭരണഘടനാ കടമകൾ അവഗണിക്കപ്പെടുന്നു'- എന്നാണ് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഗവർണറുടെ ഇറങ്ങിപ്പോക്കിന് പിന്നാലെ നടപടിയെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചതായും പ്രഖ്യാപിച്ചു. ഗവർണർ സഭയെ അപമാനിക്കുകയും പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതായി സ്റ്റാലിൻ ആരോപിച്ചു. വിവിധ പരിപാടികളിൽ നടത്തിയ പ്രസംഗങ്ങളിൽ ഗവർണർ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.