ഇന്ത്യക്കാർക്ക് തിരിച്ചടി; ഈ രണ്ട് രാജ്യങ്ങളിൽ ഇനിമുതൽ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാനാകില്ല

Tuesday 20 January 2026 12:59 PM IST

ന്യൂഡൽഹി: ഈ മാസം പുറത്തു വന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അനുസരിച്ച് 2025ൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 80ൽ നിന്ന് 85ലേക്ക് ഉയർന്നിരുന്നു. റാങ്കിങ്ങിൽ ഉയർച്ച കൈവരിച്ചപ്പോഴും മുൻകൂർ വിസയില്ലാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 57ൽ നിന്ന് 55 ആയി കുറഞ്ഞു. മുൻകാലങ്ങളിൽ എളുപ്പത്തിൽ പ്രവേശനം നൽകിയിരുന്ന ഇറാൻ, ബൊളീവിയ എന്നീ രണ്ട്‌ രാജ്യങ്ങൾ അവരുടെ പ്രവേശന നിയമങ്ങൾ പുതുക്കിയതാണ് മാറ്റത്തിന് കാരണം.

ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ വിസ ആവശ്യമാണ്. വിസ ഇളവ് സംവിധാനം ഏജന്റുമാർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മാറ്റം. ഇവർ തൊഴിലും തുടർയാത്രയും വാഗ്ദാനം ചെയ്‌ത് നിരവധി ഇന്ത്യക്കാരെ ഇറാനിലെത്തിച്ച് തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന്റെ ഫലമായി 2025 നവംബർ 22 മുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം ഇറാൻ നിർത്തിവച്ചു. ഇറാൻ വഴി വിസ രഹിത ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കണമെന്നും അധികൃതർ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ബൊളീവിയയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇ-വിസ ആവശ്യമാണ് . ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കണം. ഫോം, ഡോക്യുമെന്റ് അപ്‌ലോഡുകൾ, ഇലക്ട്രോണിക് ഫീസ് പേയ്‌മെന്റ് എന്നിവ ആവശ്യമാണ്. അംഗീകൃത വിസ ഡിജിറ്റലായി അയയ്ക്കുകയും അറൈവൽ ചെക്കുകൾ കൈവശം ഉണ്ടായിരിക്കുകയും വേണം.