എളമക്കര അപകടത്തിൽ വമ്പൻ ട്വിസ്റ്റ്; കേസിൽ വഴിത്തിരിവായത് പുതിയ ദൃശ്യങ്ങൾ, രക്ഷിക്കാൻ ഓടിയെത്തിയ വാൻ ഡ്രൈവർ പിടിയിൽ
കൊച്ചി: എളമക്കരയിൽ ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദീക്ഷിത അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത നീങ്ങി. വിദ്യാർത്ഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചുവെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, റോഡരികിൽ നിർത്തിയിട്ട ഈക്കോ വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നതാണ് അപകടത്തിന് കാരണമായതെന്ന് ഒടുവിൽ വ്യക്തമാകുന്നത്. പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനു പിന്നിലെ യഥാർത്ഥ വസ്തുത തിരിച്ചറിഞ്ഞത്. വാൻ ഓടിച്ചിരുന്ന സുഭാഷ് നഗർ സ്വദേശി രാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ 15ന് വൈകിട്ടുണ്ടായ അപകടത്തിൽ പുതുക്കലവട്ടം അമ്പലത്തിനു സമീപം ഹാലിഫാക്സ് എൻക്ലേവ് തൃത്വത്തിൽ പ്രശാന്ത് കുമാറിന്റെ മകൾ ദീക്ഷിതയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. നാട്ടുകാരാണ് ദീക്ഷിതയെ പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിച്ചതും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചതും.
അപകടം നടന്ന സമയത്ത് ദൃശ്യങ്ങളിൽ കണ്ട കിയ സോണറ്റ് കാറാണ് കുട്ടിയെ ഇടിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. അപകടത്തിന് പിന്നാലെ ഈ കാർ അല്പം മുന്നോട്ട് മാറി വേഗത കുറയ്ക്കുകയും പിന്നീട് നിർത്താതെ പോവുകയും ചെയ്തതാണ് സംശയം വർദ്ധിപ്പിച്ചത്. പൊലീസ് കാർ യാത്രക്കാരെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ മാറിയത്. തങ്ങൾ കുട്ടിയെ ഇടിച്ചിട്ടില്ലെന്നും അപകടം കണ്ട് വേഗത കുറച്ചതാണെന്നും അവർ മൊഴി നൽകി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.
സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഈക്കോ വാൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടി സൈക്കിളിൽ വാനിന് അരികിലെത്തിയ സമയം ഡ്രൈവർ രാജി പെട്ടെന്ന് വാനിന്റെ ഡോർ തുറന്നു. സൈക്കിളിൽ ഡോർ തട്ടിയതോടെ കുട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ കുട്ടിയെ രക്ഷിക്കാൻ രാജി ഓടിയെത്തിയിരുന്നു. അല്പം കഴിഞ്ഞതോടെ അവർ സ്ഥലത്ത് നിന്നും വാഹനം ഓടിച്ചു പോവുകയും ചെയ്തു. പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് രാജിയെ തിരിച്ചറിഞ്ഞതും പൊലീസ് പിടികൂടിയതും.