'അന്ന് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും സിനിമയോട് നോ പറഞ്ഞു'; കാരണം വെളിപ്പെടുത്തി ഭാവന

Tuesday 20 January 2026 2:29 PM IST

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങിനിന്ന നടിയാണ് ഭാവന. എന്നാൽ വളരെ പെട്ടെന്നാണ് നടി മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ മാറിനിൽക്കാനുള്ള ആ തീരുമാനം തന്റെതാണെന്ന് വെളിപ്പെടുത്തുകയാണ് ഭാവന. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾ ആ കാലത്ത് വന്നിരുന്നുവെന്നും എന്നാൽ അതിനെല്ലാം നോ പറഞ്ഞെന്നും നടി വ്യക്തമാക്കി. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.

' മലയാള സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന് തോന്നി. അത് ഒരുപക്ഷേ പെട്ടെന്നെടുത്ത തീരുമാനമായിരിക്കാം. എന്നാലും അത് എന്റെ തീരുമാനമായിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളോട് നോ പറഞ്ഞു. എന്തുകൊണ്ടാണ് നോ പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മലയാള സിനിമകൾ ചെയ്യാൻ ഒരു പ്ലാനും ആ കാലത്തില്ലായിരുന്നു. കന്നഡ സിനിമയിൽ വളരെ തൃപ്തിയായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരു കംഫർട്ട് സോണിലായിരുന്നു ഞാൻ. ശേഷം നാല്, അഞ്ച് വർഷത്തിന് ശേഷമാണ് തിരിച്ച് മലയാളത്തിൽ വന്നത്.

'ന്റിക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിൽ വിളിച്ചു. ആദ്യം അവർ എന്നെ വിളിച്ചപ്പോൾ ഞാൻ നോ പറഞ്ഞു. പക്ഷേ സ്ക്രിപ്റ്റ് ഒന്ന് വായിച്ചുനോക്കാൻ പറഞ്ഞു. അവർ പറഞ്ഞെങ്കിലും ഇല്ലാ എന്നുതന്നെ തീർത്തുപറഞ്ഞു. കാരണം സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ വിഷമമാകും. അതുകൊണ്ടാണ് കേൾക്കേണ്ടെന്ന് പറഞ്ഞത്. പിന്നീട് അവർ പലരിലൂടെയും സ്ക്രിപ്റ്റ് എന്നിലേക്ക് എത്തിച്ചു. എന്റെ സുഹൃത്തുക്കൾ എല്ലാം ആ സിനിമ ചെയ്യാൻ നിർബന്ധിച്ചു. എന്തിനാണ് മലയാളത്തിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ചോദിച്ചു. എന്ത് കിട്ടി അതിൽ നിന്ന് എന്ന് ചോദിച്ചപ്പോൾ എനിക്ക് മറുപടിയില്ലായിരുന്നു. അങ്ങനെയാണ് ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് കേൾക്കാൻ സമ്മതിക്കുന്നതും. അത് ചെയ്യുന്നതും'- ഭാവന വ്യക്തമാക്കി.