ഒറ്റ ചാർജിൽ ഇനി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എത്താം, ഇലക്ട്രിക് വിപണി പിടിക്കാനൊരുങ്ങി ടൊയോട്ട
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി ടൊയോട്ട. ആദ്യ ഇലക്ട്രിക് എസ്യുവിയായ 'അർബൻ ക്രൂയിസർ ഇബെല്ലയാണ് ടൊയോട്ട പുറത്തിറക്കുന്നത്. ഒറ്റചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസുക്കിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഇ-വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച വാഹനം, ഫീച്ചറുകളിലും സുരക്ഷയിലും ടൊയോട്ടയുടെ തനതായ മുദ്ര പതിപ്പിച്ചാണ് വിപണിയിലെത്തുന്നത്.
ഇ-വിറ്റാരയുമായി സാമ്യമുണ്ടെങ്കിലും മുൻഭാഗത്ത് ടൊയോട്ട കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പ്, തവിട്ട് നിറങ്ങൾ ഉൾപ്പെട്ട ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാഹനത്തിൽ. ഇ-വിറ്റാരയുടേത് പോലെയാണ് ഡാഷ്‌ബോർഡ് ലേഔട്ട്. 18 ഇഞ്ച് അലോയ് വീലുകളും ബന്ധിപ്പിച്ച എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.
49kWh, 61kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. വലിയ ബാറ്ററി പാക്കുള്ള വേരിയന്റ് 171.6 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. അത് 189 എൻഎം ടോർക്ക് നൽകും. ചെറിയ 49 kWh വേരിയന്റിൽ 106 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് സ്ഥാപിച്ചിരിക്കുന്നത്.
ഫാസ്റ്റ് ചാർജിംഗിലൂടെ വെറും 45 മിനിട്ടിൽ പത്ത് മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ, വയർലെസ് കണക്ടിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, ജെബിഎൽ ഓഡിയോ സംവിധാനങ്ങളടക്കം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ലെവൽ-2 ADAS സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയാണ് മറ്റ് പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ.