പാസ്‌പോർട്ടും വിസയും വേണ്ട; വെറും 2600 രൂപയ്ക്ക് കേരളത്തിൽ നിന്ന് ഭൂട്ടാനിൽ എത്താം

Tuesday 20 January 2026 3:17 PM IST

യാത്ര പോകാൻ ആഗ്രഹിക്കാത്തവർ വളരെക്കുറവാണ്. കുറഞ്ഞ ചെലവിൽ എങ്ങനെ യാത്രകൾ ചെയ്യാമെന്നാണ് പലരും അന്വേഷിക്കുന്നത്. ഇപ്പോഴിതാ വളരെ കുറഞ്ഞചെലവിൽ കേരളത്തിൽ നിന്ന് എങ്ങനെ ഭൂട്ടാനിൽ പോകാമെന്ന് യുവാവ് വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ഭൂട്ടാനിൽ പോകാൻ വിസയോ പാസ്‌പോർട്ടോ വേണ്ടെന്നും എന്നാൽ ഐഡന്റി കാർഡ് വേണമെന്നും യുവാവ് വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിലെ ജയ്ഗാവിലെത്തിയാൽ ഭൂട്ടാനിലെ ഫ്യൂണ്ട്ഷോളിങ്ങിലേക്ക് കടക്കാം. പശ്ചിമ ബംഗാളിലെ അലിപൂർദുവാൻ എന്ന സ്ഥലവുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഭൂട്ടാൻ. കേരളത്തിൽ നിന്ന് ഏകദേശം 3000ത്തിലധികം കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയാണിത്. ഭൂട്ടാൻ അതിർത്തിയോട് ഏറ്റവും അടുത്ത് ഹാസിമാര അല്ലെങ്കിൽ അലിപൂർദുവാർ റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്. ഇവിടേക്കാണ് ട്രെയിൻ കയറേണ്ടത്.

പ്രധാന ട്രെയിനുകൾ

  1. കന്യാകുമാരി - ഡിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് (22503) ഈ ട്രെയിൻ കോട്ടയം, എറണാകുളം വഴി പോകുന്നുണ്ട്.
  2. അരോണെെ എക്‌സ്‌പ്രസ് (12507): തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഈ വീക്കിലി ട്രെയിൻ ഹാസിമാരയിൽ നിർത്തും.

ടിക്കറ്റ് നിരക്ക് വരുന്നത് 3 ടയർ എസി കോച്ചുകളിൽ ഏകദേശം 2600 രൂപയാണ്. മൂന്ന് ദിവസത്തെ യാത്ര വേണ്ടിവരും. ഹാസിമാരയിൽ നിന്ന് 18 കിലോമീറ്റർ ദൂരമേ ഭൂട്ടാൻ അതിർത്തിയിലുള്ള ജയ്ഗാവ് എന്ന ഇന്ത്യൻ നഗരത്തിലേക്കുള്ളൂ. ജയ്ഗാവിലെ പ്രശസ്തമായ ഭൂട്ടൻ ഗേറ്റ് കടന്നാൽ എത്തുന്നത് ഭൂട്ടാനിലെ ഫ്യൂണ്ട്ഷോളിങ്ങിലാണ്. വോട്ടർ ഐഡി കാർഡ് മാത്രം ഉപയോഗിച്ച് ഇന്ത്യ പൗരന്മാ‌ക്ക് ഇവിടെ പെർമിറ്റ് എടുക്കാം.