മടിക്കേണ്ട; ഇന്ത്യൻ വിദ്യാർത്ഥികളെ ഇരുകെെയും നീട്ടി വിളിച്ച് ഈ രാജ്യം, സാദ്ധ്യതയേറുന്നു
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള പ്രത്യേകിച്ച് ജർമ്മനിയുമായുള്ള സൗജന്യ വ്യാപാരക്കരാർ പ്രവർത്തനക്ഷമമാകുന്നതോടെ ഇരു രാജ്യങ്ങളുമായുള്ള സഹകരണത്തിൽ മാറ്റം വരും. ഇന്ത്യയും ജർമ്മനിയുമായുള്ള ബന്ധത്തിന്റെ 75-ാം പിറന്നാൾ (വജ്രജൂബിലി) ആഘോഷിക്കുമ്പോൾ ഭാവിയിൽ വരാനിരിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിലെ വിള്ളൽ ഏറെ ചർച്ച ചെയ്തു വരുന്നു.
അടുത്തകാലത്തായി ഇന്ത്യയിൽ നിന്നും ഉന്നത വിദ്യാഭ്യാസം,സ്കിൽ വികസനം എന്നിവ ലക്ഷ്യമിട്ട് ജർമ്മനിയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇവരിൽ സയൻസ്,ടെക്നോളജി,എൻജിനീയറിംഗ്,മാത്തമാറ്റിക്സ് വിദ്യാർത്ഥികളാണേറെയും. പ്ലസ്‌ടു വിനുശേഷം നഴ്സിംഗ്,പാരാമെഡിക്കൽ,എൻജിനീയറിംഗ്,സയൻസ് പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ദൃശ്യമാണ്.പബ്ലിക് യൂണിവേഴ്സിറ്റികളിൽ നിലവിലുള്ള ഫീസിളവും, എളുപ്പത്തിലുള്ള വിസ നടപടിക്രമങ്ങളും ജർമ്മൻ യാത്രയ്ക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ എംബിഎ പഠനത്തിന് താൽപര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താല്പര്യം ജർമ്മനിയോടാണ്. മ്യൂണിക്ക് ബിസിനസ് സ്കൂൾ ജർമ്മനിയിലെ ആഗോള അംഗീകാരമുള്ള ബിസിനസ് സ്കൂളാണ്. ജർമ്മനിയിൽ ബിസിനസ് സ്കൂളുകളുടെ നിലവാരം വിലയിരുത്തുന്നത് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതമികവ് വിലയിരുത്തിയാണ്. നിരവധി സ്‌പെഷ്യലൈസേഷനുകളുമുണ്ട്. മാർക്കറ്റിംഗ്, ഫിനാൻസ്, ഡിജിറ്റൽ ബിസിനസ്, ഇന്നൊവേഷൻ, ലക്ഷുറി മാനേജ്മെന്റ്, ഫാമിലി ബിസിനസ്, എന്റർപ്രെന്യൂർഷിപ്പ് എന്നിവ ഇവയിൽ ചിലതാണ്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് 18 മാസത്തെ തൊഴിൽ കണ്ടെത്താനുള്ള ജോബ് സീക്കർ വിസ ലഭിക്കും.
അണ്ടർ ഗ്രാജുവേറ്റ് തലത്തിൽ ബിബിഎ പ്രോഗ്രാമുണ്ട്. ഇതിനുപ്രവേശനം ലഭിക്കാൻ 13 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്ലസ്ടുവിനുശേഷം ഒരുവർഷത്തെ ഓൺലൈൻ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി 13 വർഷത്തെ യോഗ്യത നേടാം. ഇതിനായി EdX,Coursera,swayam,ഫ്യൂച്ചർ ലേൺ കോഴ്സുകൾ ചെയ്യാവുന്നതാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ, എന്റർപ്രെന്യൂർഷിപ്പ് ആൻഡ് ഇന്നോവേഷൻ,ഇക്കണോമിക്‌സ് ആൻഡ് മാനേജ്മെന്റ് എന്നിവ മികച്ച മാനേജ്‌മന്റ് സ്പെഷ്യലൈസേഷനുകളാണ്. കുറഞ്ഞത് 6.5 IELTS ബാൻഡ് നേടിയിരിക്കണം. 7 ബാൻഡ് വരെ നിഷ്കർഷിക്കുന്ന ബിസിനസ് സ്കൂളുകളുണ്ട്.
മ്യൂണിക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ന്യൂ യൂറോപ്യൻ കോളേജ് ബിരുദ,ബിരുദാനന്തര തലത്തിൽ മാനേജ്‌മന്റ് പ്രോഗ്രാമുകൾ ഓഫർ ചെയ്തുവരുന്നു. സ്കോളർഷിപ്പ് ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെങ്കിലും സെമസ്റ്റർ ഫീസ് ശരാശരി 6500 യൂറോവരെയാണ്. സ്കോളർഷിപ്പ് തുക ആദ്യവർഷ ഫീസിന്റെ 10-50 ശതമാനം വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് - www.munich-business-school.de.