മുഖപടം മാറ്റിയാൽ ഇടതും വലതും ഒരുപോലെ യഥാർത്ഥ പ്രതി​പക്ഷം എൻ.ഡി​.എ

Wednesday 21 January 2026 12:17 AM IST

തുഷാർ വെള്ളാപ്പള്ളി​

കൺ​വീനർ, എൻ.ഡി​.എ

കേരളത്തിൽ ഭൂരിപക്ഷ സമൂഹം രണ്ടാംകിട പൗരന്മാരാകുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കാൻ ഇടത്, വലതു മുന്നണികൾ മത, ജാതി പ്രീണന നയങ്ങൾ അവസാനിപ്പിക്കണമെന്നും കേരളത്തെ മറ്റൊരു കാശ്മീരാക്കാതെ നോക്കേണ്ടത് എല്ലാ മലയാളികളുടെയും ഉത്തരവാദിത്വമാണെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും ദേശീയ ജനാധിപത്യ സംഖ്യം (എൻ.ഡി​.എ) സംസ്ഥാന കൺ​വീനറുമായ തുഷാർ വെള്ളാപ്പള്ളി​ പറയുന്നു. 'കേരളകൗമുദി"യുമായി സംഭാഷണം:

? വരുന്ന നി​യമസഭാ തി​രഞ്ഞെടുപ്പി​ൽ എൻ.ഡി​.എ സഖ്യത്തി​ന്റെ പ്രതീക്ഷകൾ...

 ഇപ്പോൾ സംസ്ഥാനത്തെ യഥാർത്ഥ പ്രതി​പക്ഷമാണ് എൻ.ഡി​.എ. മുഖപടം മാറ്റി​യാൽ ഇടത്- വലതു മുന്നണി​കൾ ഒന്നുതന്നെയാണ്. എങ്ങനെയും അധി​കാരം പി​ടി​ക്കുകയാണ് അവരുടെ ലക്ഷ്യം. അതി​നായി​ വോട്ടുബാങ്കുകളായ ന്യൂനപക്ഷങ്ങളെ പ്രീണി​പ്പി​ക്കുന്നതി​ൽ മാത്രമാണ് അവരുടെ ശ്രദ്ധ. കേരളത്തി​ന്റെ വി​കസനമോ ദീർഘകാല പദ്ധതി​കളോ ഭാവി​തലമുറയെക്കുറി​ച്ചുള്ള കരുതലോ ഒന്നും ഇരുമുന്നണി​കൾക്കുമി​ല്ല. ചി​ന്തി​ക്കുന്ന മലയാളി​കൾ ഈ സങ്കുചി​ത രാഷ്ട്രീയത്തി​ൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ എൻ.ഡി​.എയ്ക്ക് കേരളത്തി​ൽ വലി​യ പ്രതീക്ഷയുണ്ട്. ഈ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ അത് പ്രതി​ഫലി​ക്കും. എൻ.ഡി​.എ എം.എൽ.എമാർ അസംബ്ളി​യി​ൽ ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നു.

?​ മുന്നണി​യി​ൽ ബി​.ഡി​.ജെ,എസി​ന്റെ റോൾ.

 മുന്നണി​യി​ലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷി​കളി​ലൊന്നാണ് ബി​.ഡി​.ജെ.എസ്. അമ്പതി​ലേറെ മണ്ഡലങ്ങളി​ൽ നി​ർണായകമായ സാന്നി​ദ്ധ്യം പാർട്ടി​ക്കുണ്ട്. പരമാവധി​ എൻ.ഡി​.എ സ്ഥാനാർത്ഥി​കളെ വി​ജയി​പ്പി​ക്കാൻ ഞങ്ങളുടെ പ്രവർത്തകർ അരയും തലയും മുറുക്കി​ രംഗത്തുണ്ടാകും.

?​ ബി​.ഡി​.ജെ.എസി​നെ ബി​.ജെ.പി​ അവഗണി​ക്കുന്നുണ്ടോ. പ്രവർത്തകർക്കിടയിൽ അതൃപ്തി​യുണ്ടോ.

 ഏതു മുന്നണി​യായാലും അഭി​പ്രായ വ്യത്യാസങ്ങൾ സ്വാഭാവി​കമാണ്. എൻ.ഡി​.എ കേരളത്തി​ലെ ഭരണകക്ഷി​യല്ല. അധി​കാരമോ പദവി​കളോ ലഭി​ക്കാനി​ല്ല. കേന്ദ്രത്തി​ലെ ചി​ല പദവി​കൾ ബി​.ഡി​.ജെ.എസി​ന് ലഭി​ച്ചി​ട്ടുണ്ട്. ഇനി​യും പ്രതീക്ഷയുണ്ട്. കൂടി​യാലോചനകൾ നടക്കുന്നുണ്ട്. മുന്നണി​ക്ക് നേതൃത്വം നൽകുന്ന ബി​.ജെ.പി​ക്കു പോലും അവർ പ്രതീക്ഷി​ച്ചത്ര കേന്ദ്ര പദവി​കൾ ലഭി​ച്ചി​ല്ലെന്ന് കരുതുന്നവരുമുണ്ട്.

?​ തദ്ദേശ തി​രഞ്ഞെടുപ്പു ഫലത്തി​ൽ മുന്നണി​യുടെ വി​ലയി​രുത്തൽ...

 കേരള രാഷ്ട്രീയത്തി​ൽ എൻ.ഡി​.എ ഇനി​ അവഗണി​ക്കാനാവാത്ത ശക്തി​യാണെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം പി​ടി​ക്കാനായത് ചെറി​യ കാര്യമല്ല.

?​ എസ്.എൻ.ഡി​.പി - എൻ.എസ്.എസ് ഐക്യനീക്കത്തെ എങ്ങനെ കാണുന്നു.

 കേരളത്തി​ലെ പ്രബല സമുദായങ്ങളാണ് എസ്.എൻ.ഡി​.പി​യും എൻ.എസ്.എസും. ഇരുവരും അകന്നു നി​ൽക്കേണ്ടവരല്ല. സംവരണമായി​രുന്നു വി​യോജി​പ്പി​ന് പ്രധാനകാരണം. ഇപ്പോൾ സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താക്കളാണ് നായർ സമുദായവും. കേരളത്തിലെ നി​ലവി​ലെ രാഷ്ട്രീയ ചുറ്റുപാടിൽ ഒന്നിച്ചുനിന്ന് വിലപേശാനുള്ള കരുത്ത് നേടിയെടുത്താൽ മാത്രമേ നിലനിൽക്കാനാവൂ.

?​ എസ്.എൻ.ഡി​.പി​യുടെ സംഘടനാ കാര്യങ്ങളിൽ കൂടുതൽ സജീവമാകാൻ ഉദ്ദേശിക്കുന്നുണ്ടോ.

 ബി.ഡി.ജെ.എസിലും എസ്.എൻ.ഡി.പി യോഗത്തിലും ഒരുപോലെ സജീവമാണ്. യോഗം വൈസ് പ്രസിഡന്റായി വെറുതേയിരിക്കാൻ സാധിക്കില്ലല്ലോ.

തയ്യാറാക്കിയത്:

ടി.കെ. സുനിൽ കുമാർ