അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമായേക്കാം; സംഭവിച്ചാല്‍ ഉടനെ ബാങ്കിലെത്തി ചെയ്യേണ്ടത്

Tuesday 20 January 2026 9:15 PM IST

സര്‍ക്കാര്‍, പൊലീസ് സംവിധാനങ്ങള്‍ നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കേന്ദ്ര സര്‍ക്കാര്‍ സേവനമായ ഡിജിലോക്കറിന് സമാനമായ ആപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് തലവേദനയായി മാറുന്നു. സര്‍ക്കാര്‍ ആപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് തെറ്റായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച നിരവധിപേര്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടമാകുന്നുണ്ട്.

ഫോണിലെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുമാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. സാധാരണ ഗതിയില്‍ ആവശ്യമില്ലാത്ത അനുമതികള്‍ ഉള്‍പ്പെടെ ഉപയോക്താവില്‍ നിന്ന് തേടിയ ശേഷമാണ് തട്ടിപ്പ്. ആധാര്‍, പാന്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വഴി 'വെരിഫൈ' ചെയ്യാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. ടെപ്പ് ചെയ്യുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. യഥാര്‍ത്ഥ ബാങ്കിംഗ് പേജുകളെപ്പോലെ തോന്നിപ്പിക്കുന്ന വ്യാജ യുപിഐ പേജുകളിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം കവരുകയാണ് ഇവര്‍ ചെയ്യുന്നത്.

യഥാര്‍ത്ഥ ഡിജിലോക്കര്‍ ആപ്പ് പബ്ലിഷ് ചെയ്തിരിക്കുന്നത് നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ ആണ്. ഡിജിലോക്കര്‍ ഒരിക്കലും നിങ്ങളുടെ യുപിഐ പിന്‍, ബാങ്കിംഗ് പാസ്വേര്‍ഡ് പോലുള്ളവ ആവശ്യപ്പെടില്ല. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്ത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ബാങ്കിംഗ് പാസ്‌വേര്‍ഡ് പോലുള്ള വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കുമായി ബന്ധപ്പെട്ട് പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പരിഷ്‌കരിച്ച് അക്കൗണ്ട് സുരക്ഷിതമാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.