റബർ ബോർഡ് ക്വാർട്ടേഴ്‌സുകളിൽ നിന്ന് 70 പവൻ സ്വർണ്ണം കവർന്നു

Wednesday 21 January 2026 12:43 AM IST

കോട്ടയം : പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്‌സുകളുടെ പൂട്ട് പൊളിച്ച് 70 പവൻ സ്വർണം കവർന്നു. ക്വാർട്ടേഴ്‌സുകളിലെ ഒന്ന്, രണ്ട് നിലകളിലായുള്ള ആളൊഴിഞ്ഞ അഞ്ച് മുറികളിലായാണ് മോഷണവും, മോഷണ ശ്രമവും നടന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമായിരുന്നു മോഷണം. റബർ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് കാഞ്ഞിരപ്പള്ളി സ്വദേശിനി ഡോ.രേഖ, മൂവാറ്റുപുഴ സ്വദേശിയും ഫാം ഓഫീസറുമായ ജോയ് എടക്കര എന്നിവരുടെ ക്വാർട്ടേഴ്‌സുകളിലായിരുന്നു മോഷണം. ഡോ. രേഖയുടെ 30 പവനും, ജോയിയുടെ 40 പവനും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗവേഷണ കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരിയും ചങ്ങനാശേരി സ്വദേശിനിയുമായ ജയശ്രീ, പാലക്കാട് സ്വദേശിയും സെക്യൂരിറ്റി ഓഫീസറുമായ മോഹൻദാസ് എന്നിവരുടെ ക്വാർട്ടേഴ്‌സുകൾ കുത്തിത്തുറന്ന് അലമാരയും, മറ്റും പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ളതൊന്നും സൂക്ഷിക്കാതിരുന്നത് ഗുണമായി. ആലപ്പുഴ സ്വദേശിയും സിസ്റ്റം ഓഫീസറുമായ സന്തോഷിന്റെ ക്വാർട്ടേഴ്‌സ് കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. ഡോ.രേഖയുടെ മകന്റെയും, ജോയിയുടെ മകളുടെയും വിവാഹം മാസങ്ങൾക്ക് മുൻപായിരുന്നു. ഇരുവരുടെയും സ്വർണ്ണം ക്വാർട്ടേഴ്സിലാണ് സൂക്ഷിച്ചിരുന്നതെന്ന് അയൽവാസികൾ പറ‌ഞ്ഞു.

 ആളില്ലെന്ന് ഉറപ്പാക്കി മോഷണം

വിദേശത്ത് ടൂറിലായിരുന്ന ഡോ.രേഖ ഇന്നലെ രാവിലെ മടങ്ങിയെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ജോയിയും ജില്ലയ്ക്ക് പുറത്തായിരുന്നു. ഡോ.രേഖയുടെ ക്വാർട്ടേഴ്‌സിന്റെ ചുമതല ഏൽപ്പിച്ചിരുന്നയാൾ തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇവിടെയെത്തി മടങ്ങുമ്പോൾ മോഷണം നടന്നിരുന്നില്ല. രേഖയുടെയും മോഹൻദാസിന്റെയും ക്വാർട്ടേഴ്‌സുകൾ രണ്ടാം നിലയിലാണ്. മറ്റ് മൂന്നെണ്ണം ഒന്നാം നിലയിലും.

പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വിരലടയാള - ശാസ്ത്രീയ അന്വേഷണ വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

''പ്രൊഫഷണൽ സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ വടക്കൻ ജില്ലകളിൽ മോഷണം നടന്നിരുന്നു.

-എ.ഷാഹുൽ ഹമീദ് (ജില്ലാ പൊലീസ് മേധാവി)