ധനുഷിന്റെ ഗോഡ് ഫാദർ ആകാൻ മമ്മൂട്ടി
ധനുഷ് നായകനായി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കാത്തിരിക്കുന്ന 'ഗോഡ്ഫാദർ" വേഷം. ധനുഷിന്റെ ഗോഡ് ഫാദറായി കേന്ദ്ര കഥാപാത്രത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ സായ്പല്ലവി ആണ് നായിക. ധനുഷിന്റെ ഉടമസ്ഥതയിലെ വണ്ടർബാർ ഫിലിംസ് ആയിരിക്കും നിർമ്മാണം. മമ്മൂട്ടിയും ദിലീപും നായകൻമാരായി അഭിനയിച്ച കമ്മത്ത് ആന്റ് കമ്മത്തിൽ അതിഥി താരമായി ധനുഷ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധനുഷും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ശിവകാർത്തികേയൻ നായകനായി അഭിനയിച്ച ബ്ലോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് . ചിത്രത്തിന്റെ ഒടിടി അവകാശം വൻതുകയ്ക്ക് നെറ്റ് ഫ്ലിക്സ് സ്വന്തമാക്കി. അതേ സമയം ഇടവേളയ്ക്കുശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുകയാണ്. 2019ൽ റാമിന്റെ സംവിധാനത്തിൽ പേരൻപിനുശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ചിട്ടില്ല. പേരൻപിനിലെ അമുദവൻ എന്ന കഥാപാത്രം മമ്മൂട്ടിക്ക് ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു. 2010ൽ വന്ദേമാതരത്തിനുശേഷം തമിഴിൽ മമ്മൂട്ടി അഭിനയിച്ച ചിത്രം കൂടി ആണ് പേരൻപ്.അതേസമയം
1990ൽ കെ . മധുവിന്റെ സംവിധാനത്തിൽ മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അമല നായികയായി എത്തി. അഴകൻ, ദളപതി, കിളിപേച്ച് കേൾക്കവ, മറുമലർച്ചി, എതിരും പുതിരും. കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ , കാർമേഘം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ.