ചെടികൾ നശിപ്പിച്ചയാളുടെ ദൃശ്യം സി.സി ടി.വിയിൽ

Wednesday 21 January 2026 2:59 AM IST

പത്തനംതിട്ട : തിരുവല്ല - കുമ്പഴ റോഡിൽ സ്ഥാപിച്ച ചെടികളും ചെടിച്ചട്ടികളും നശിപ്പിച്ച സാമൂഹ്യ വിരുദ്ധൻ സി.സി.ടി.വിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ല - കുമ്പഴ റോഡിൽ കാർഷിക വികസന ബാങ്ക് മുതൽ മസ്ജീദ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സാമൂഹ്യ വിരുദ്ധർ ചെടികൾ നശിപ്പിച്ചത്. ഇരുപതോളം ചെടികളാണ് നശിപ്പിക്കപ്പെട്ടത്. നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ നഗരത്തിൽ സ്ഥാപിച്ചതാണ് ചെടികളും ചെടിച്ചട്ടികളും. നഗരസഭ ഭരണ സമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തതത്. തിരുവല്ല കുമ്പഴ റോഡിൽ പത്തനംതിട്ട ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംഗ്ഷൻ വരെയും നഗരസഭ ഓഫീസിനു മുൻവശത്തുമാണ് പൂച്ചെടികൾ വച്ച് മനോഹരമാക്കിയിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

നഗരസഭ കൗൺസിലിൽ ച‌ർച്ചയായി

നഗരത്തിൽ ചെടികൾ നശിപ്പിച്ച സംഭവം പത്തനംതിട്ട നഗരസഭ കൗൺസിലിൽ ചർച്ചയായി. എൽ.ഡി.എഫ് ഒന്നാം വാർഡ് കൗൺസിലർ പി.കെ അനീഷാണ് കൗൺസിലിൽ ഇക്കാര്യം ഉന്നയിച്ചത്. നഗരത്തിന്റെ സുരക്ഷയും വൃത്തിയുമെല്ലാം നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ പരാതി നൽകിയതായി നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ മറുപടി നൽകി. കുമ്പഴ സോൺ ഓഫീസിലെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതായിരുന്നു കൗൺസിലിലെ മറ്റൊരു അജണ്ട. കുടിവെള്ള ക്ഷാമവും റോഡ് നിർമ്മാണവും കൗൺസിലിൽ ചർച്ചയായി.