'മൊബൈൽ ഫോൺ സിനിമ' പഠിക്കാനെത്തി; കലോത്സവവും കണ്ടു മടക്കം

Wednesday 21 January 2026 12:00 AM IST

തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഒന്നരപതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ ഹ്രസ്വ സിനിമ, ജലച്ചായത്തെ കുറിച്ച് പഠിക്കാൻ ഗവേഷകനെത്തി. തമിഴ് നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പി.എച്ച്.ഡി റിസർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയാണ് സിനിമാപ്രവർത്തകരിൽ നിന്ന് വിവരശേഖരണം നടത്തി സംസ്ഥാന സ്‌കൂൾ കലോത്സവവും കണ്ട് മടങ്ങിയത്. ഹരിയാനയിലെ ഗുർഗോൺ ജി.ഐ.ടി.എം യൂണിവേഴ്‌സിറ്റി, ബെംഗളൂരു ജെയിൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ധനുഞ്ജയ്, 'വേൾഡ് മൊബൈൽ ഫോൺ ഫിലിംസ്' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. തൃശൂരിലെ ശങ്കരയ്യറോഡിൽ താമസിക്കുന്ന സതീഷ് കളത്തിലാണ് ജലച്ചായം സംവിധാനം ചെയ്തത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ തൃശൂരിലെ ശ്രീ തിയ്യറ്ററിൽ 2010 ജൂൺ 6നായിരുന്നു ജലച്ചായത്തിന്റെ പ്രിവ്യൂ നടത്തിയത്.

ജലച്ചായത്തിന് മുൻപേ വീണാവാദനം

ജലച്ചായത്തിന് മുൻപ് സതീഷ് കളത്തിൽ വീണാവാദനം എന്ന ഡോക്യുമെന്ററിയും മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഫസ്റ്റ് ജനറേഷൻ മൊബൈൽ ഫോണായ നോക്കിയ എൻ 70യിലാണ് ലോകചിത്രകലയെകുറിച്ചുള്ള അരമണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്. ജലച്ചായം സിനിമ അഞ്ച് മെഗാപിക്‌സൽ റെസലൂഷനുള്ള നോക്കിയ എൻ 95ലാണ് ചിത്രീകരിച്ചത്. യൂട്യൂബിലും സിനിമ ലഭ്യമാണ്.

ലോകത്ത് ആദ്യമായി ഫസ്റ്റ് ജനറേഷൻ മൊബൈൽ ഫോൺ ഉപയോഗിച്ചു നിർമ്മിച്ച ജലച്ചായം പ്രത്യേക പഠനം അർഹിക്കുന്നുണ്ട്. അത് മനസിലാക്കാനാണ് ഇവിടെയെത്തിയത്.

ധനുഞ്ജയ്.