കോൺഗ്രസ് വാഗ്ദാനം കൗൺസിലിലേക്ക്: അനധികൃത നികുതി തിരികെ നൽകും ?

Wednesday 21 January 2026 12:11 AM IST

തൃശൂർ: ഭരണത്തിലേറിയാൽ കഴിഞ്ഞ ഭരണസമിതി അനധികൃതമായി പിരിച്ച നികുതി തിരികെനൽകുമെന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് കൂടുന്ന കൗൺസിൽ യോഗത്തിലെ ആദ്യത്തെ അജണ്ടയായി വിഷയം ഉൾപ്പെടുത്തി. സർക്കാർ നിർദ്ദേശിച്ച സമയത്ത് നികുതി പിരിക്കാതെ മുൻ വർഷങ്ങളിലെ കുടിശിക പിരിച്ച സംഭവം വിവാദമായിരുന്നു. ഇതിനെതിരെ കോർപറേഷൻ പരിധിയിലെ 198 വാണിജ്യ കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് കോർപറേഷനെതിരെ വിധി സമ്പാദിച്ചു. എന്നാൽ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ച് കൗൺസിലിൽ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തി. കൗൺസിൽ പാസാക്കിയെന്ന മിനിറ്റ്‌സുണ്ടാക്കി സുപ്രീം കോടതിയിൽ പോയെങ്കിലും അപ്പീൽ പരിഗണിച്ചില്ല. ഇതോടെ കുടിശിക പിരിച്ച സംഭവം എൽ.ഡി.എഫ് ഭരണസമിതിക്ക് തിരിച്ചടിയായി. ഈ വിഷയം പ്രധാന പ്രചാരണ ആയുധമാക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് ഭരണത്തിലെത്തിയാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും വാഗ്ദാനം നൽകി. ലക്ഷങ്ങളാണ് പലരിൽ നിന്നും കുടിശികയായി ഇത്തരത്തിൽ വാങ്ങിയത്. ലക്ഷത്തോളം പേർക്കാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും മിനിറ്റ്‌സ് വ്യാജമായി ഉണ്ടാക്കിയാണ് തീരുമാനമെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോർപറേഷനിൽ ഒട്ടുമിക്കവരുമെത്തി ഉദ്യോഗസ്ഥന്മാരുമായി തർക്കിക്കുന്നതും പതിവായി. പക്ഷേ മുൻ ഭരണസമിതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സുപ്രീം കോടതിയും തള്ളിയെങ്കിലും കുടിശിക പിരിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ തയ്യാറായില്ല.

ബാദ്ധ്യത ആർക്ക് ?

കൗൺസിലർമാർക്ക് ബാദ്ധ്യതയില്ലാത്ത രീതിയിൽ പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. പക്ഷേ തങ്ങൾ ഇതിൽ ബലിയാടാകുമോയെന്ന ഭയത്തിലാണ് ഉദ്യോഗസ്ഥർ. പണം തിരിച്ചുനൽകേണ്ടി വന്നാൽ പുതിയ കൗൺസിലർമാർക്ക് ഇത് ബാധിക്കാതെയാകും തീരുമാനം. മുൻ ഭരണസമിതിയുടെ നിർദ്ദേശം അനുസരിച്ച് ഹൈക്കോടതി വിധിയെ മറികടന്നും പണം പിരിച്ചെടുത്തതിന്റെ ഉത്തരവാദിത്വം ഇനി ഉദ്യോഗസ്ഥർ തന്നെ വഹിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന.