മംഗലപുരം - പോത്തൻകോട് റോഡ് ഉദ്ഘാടനം 28ന്

Wednesday 21 January 2026 1:22 AM IST

പോത്തൻകോട്: നവീകരണം പൂർത്തിയാക്കിയ മംഗലപുരം - പോത്തൻകോട് റോഡിന്റെ ഉദ്ഘാടനം 28ന് മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പോത്തൻകോട്, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പോത്തൻകോട് മുതൽ മംഗലപുരം വരെ 6.1 കിലോമീറ്ററാണ് റോഡിന്റെ നീളം. കിഫ്ബി ധനസഹായത്തോടെ 47.16 കോടി രൂപയാണ് റോഡ് നിർമാണത്തിനായി വിനിയോഗിച്ചത്. കൂടാതെ പ്രദേശത്തെ വാട്ടർ കണക്ഷന് 3.22 കോടി, കെ.എസ്.ഇ.ബി., യു.ജി.കേബിൾ വർക്കിന് 4.64 കോടി, 277കുടുംബങ്ങളിൽ നിന്നായി ഏറ്റെടുത്ത 66.5 സെന്റ് ഭൂമിക്ക് 12.61കോടിയും ചെലവഴിച്ചു. 13.6 മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി നിലവാരത്തിലാണ് വികസിപ്പിക്കുന്നത്.10 മീറ്റർ ടാറിംഗും 1.8 മീറ്റർ ഇരുവശങ്ങളിൽ ഓടയും യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടുത്തിയാണ് നിർമ്മാണം. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തത്. പോത്തൻകോട്ടെ പ്രധാന റോഡായ പോത്തൻകോട്-മംഗലപുരം റോഡ് നവീകരണം വികസനക്കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.