സ്നേഹകുടീരം അടഞ്ഞുതന്നെ

Wednesday 21 January 2026 12:26 AM IST

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ 2020സെപ്തംബർ 7ന് ജില്ലാ പഞ്ചായത്ത് ഫണ്ടായ 50ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്നേഹകുടീരം പകൽ വീട് ഇതുവരെ തുറന്നിട്ടില്ല. എന്നാൽ മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി 20ലക്ഷം രൂപ കൂടി അനുവദിച്ച് ചുറ്റുമതിൽ നിർമ്മിക്കാനൊരുങ്ങിയിരുന്നു. 10ലക്ഷം രൂപയോളം ചെലവഴിച്ച് ഫർണീച്ചർ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അവഗണനയിൽ അടച്ചിട്ടിട്ടുള്ളത്.

നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.എസ്.എസ് എന്ന മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയാണ് ഇതിലേക്കാവശ്യമായ 35സെന്റ് സ്ഥലം വാങ്ങി ജില്ലാ പഞ്ചായത്തിന് കൈമാറിയത്. 2001ജനുവരി പത്തിന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ് വൃദ്ധസദന നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്.ശേഷം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വി.എസ്.എസ് കൂട്ടായ്മ സ്ഥലം വൃദ്ധസദനം നിർമ്മിക്കണമെന്ന ഉറപ്പിൻമേൽ ജില്ലാ പഞ്ചായത്തിന് കൈമാറി.

കെട്ടിടം അടച്ചിട്ട നിലയിൽ

ലക്ഷങ്ങൾ ചെലവാക്കി എല്ലാ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ആരേയും ഇവിടെ പ്രവേശിപ്പിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഈ കെട്ടിടം താത്കാലിക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയിരുന്നു.

എല്ലാ സൗകര്യങ്ങളും

വയോജനങ്ങൾക്ക് രാവിലെ 8മുതൽ 5വരെ ഇവിടെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും പണികഴിപ്പിച്ചതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ടിവി,പുസ്തകങ്ങൾ,മരുന്ന് സൂക്ഷിക്കുന്നതിനുളള സൗകര്യം തുടങ്ങി എല്ലാം ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യവിരുദ്ധശല്യവും

നിലവിൽ കെട്ടിടം ഉൾപ്പെടുന്ന മേഖല സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. വനമേഖല കൂടിയായതിനാൽ ഇത്തരക്കാർക്ക് തമ്പടിക്കാനും പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിത്താവളമാക്കാനുമാണ് ഇവിടം ഉപയോഗിക്കുന്നത്.

നന്ദിയോട് പഞ്ചായത്തിൽ 120ഓളം വൃദ്ധജനങ്ങൾക്ക് പകൽവീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നന്ദിയോട് പഞ്ചായത്ത് ഭരണസമിതി നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നാളിതുവരെയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുംനടപടി ഉണ്ടായിട്ടില്ല.