സാങ്കേതിക വിദ്യ വഴി തദ്ദേശഭരണം സുഗമം: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം : സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കിയപ്പോൾ തദ്ദേശഭരണം സുഗമമായെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിർമ്മിത ബുദ്ധി അധിഷ്ഠിത കോൾ സെന്റർ സ്മാർട്ടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ 'കെ സ്‌മാർട്ട്' പദ്ധതിയുടെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ എ.ഐ സംവിധാനം . കെ സ്‌മാർട്ട് നടപ്പിലാക്കിയ ശേഷമുള്ള
95 ലക്ഷത്തിലധികം ഫയലുകളിൽ 30 ലക്ഷവും തീർപ്പാക്കിയത് 24 മണിക്കൂറിനുള്ളിലാണ്. ഇതിൽ ഒൻപത് ലക്ഷത്തോളം ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കി.
വിദേശത്തിരിക്കുന്നവർക്ക് പോലും നാട്ടിലെത്താതെ വിവാഹം രജിസ്റ്റർ ചെയ്യാം. 89,000ത്തിലധികം വിവാഹങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്.
84,000ത്തോളം സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ നൽകിയതിൽ 32,000ത്തിലധികവും 24 മണിക്കൂറിനുള്ളിൽ അനുവദിച്ചു പുതിയ സോഫ്റ്റുവെയറുകൾ വഴി ഡാറ്റ ശുദ്ധീകരണം നടത്തിയപ്പോൾ നികുതി വലയ്ക്ക് പുറത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം കെട്ടിടങ്ങൾ മുൻസിപ്പാലിറ്റികളിൽ മാത്രം കണ്ടെത്തി. ഇതിലൂടെ 393 കോടിയുടെ അധിക വരുമാനമാണ് സർക്കാരിനുണ്ടായതെന്നും മന്ത്രി പറഞ്ഞു.
മേയർ വി.വി.രാജേഷ്, തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി., പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് ബാബു, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.