തെരുവുനായ പ്രശ്‌നം: മേനകയ്ക്കെതിരെ സുപ്രീംകോടതി

Wednesday 21 January 2026 12:43 AM IST

 കോടതിയലക്ഷ്യം കാട്ടി

ന്യൂഡൽഹി: തെരുവുനായ പ്രശ്‌നത്തിൽ മുൻ കേന്ദ്രമന്ത്രിയും നായപ്രേമിയുമായ മേനക ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. കോടതി ഉത്തരവുകളെ കുറിച്ച് മേനക പോഡ്കാസ്റ്റിലൂടെ വായിൽതോന്നുന്നത് പറയുകയാണ്. പരാമർശങ്ങൾ കോടതിയലക്ഷ്യമാണ്. കോടതിക്ക് മഹാമനസ്‌കതയുള്ളതിനാൽ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു മൂന്നംഗബെഞ്ച്. കോടതി നടത്തുന്ന പല നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നതിനിടെ മേനക ഗാന്ധിയുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ ഇടപെട്ടു. പരാമർശങ്ങൾ നടത്തുമ്പോൾ കോടതി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. പോഡ്കാസ്റ്റിൽ എന്തുതരം പരാമർശങ്ങളാണ് മേനക നടത്തിയതെന്ന് അഭിഭാഷകന് അറിയാമോയെന്ന് കോടതി തിരിച്ചു ചോദിച്ചു. നിങ്ങളത് കേട്ടോ? അവരുടെ ശരീരഭാഷ കണ്ടിരുന്നോ ? മുംബയ് ഭീകരാക്രമണക്കേസിലെ കുറ്റവാളി അജ്മൽ കസബിന് വേണ്ടിയും താൻ ഹാജരായിട്ടുണ്ടെന്ന് രാജു രാമചന്ദ്രൻ അറിയിച്ചപ്പോൾ അജ്മൽ കസബ് കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും മേനക നടത്തിയെന്നുമായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. പ്രശ്‌നപരിഹാരത്തിന് സ്ഥിരം ഷെൽട്ടറുകൾ നിർമ്മിക്കുകയല്ല, എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ)​ ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഇതിനായി മേനക എന്തു ചെയ്‌തു? ഹർജിയിൽ അക്കാര്യത്തിൽ നിശബ്‌ദത പാലിക്കുകയാണല്ലോയെന്ന് കോടതി തിരിച്ചടിച്ചു.

തമാശയായി പറഞ്ഞതല്ല

തെരുവുനായ ആക്രമണങ്ങളിൽ നായകൾക്ക് ഭക്ഷണം കൊടുക്കുന്നവരെ ഉത്തരവാദികളാക്കുമെന്ന് തമാശയായി കോടതി പറഞ്ഞപ്പോൾ, മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് അങ്ങനെയല്ലെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. എന്നാൽ, തമാശയായി പറഞ്ഞതല്ലെന്നും,​ ഗൗരവത്തോടെയാണെന്നും കോടതി പ്രതികരിച്ചു. നായപ്രേമികൾ യാതൊരു യാഥാർത്ഥ്യബോധവുമില്ലാത്ത വാദങ്ങൾ നിരത്തുന്നുവെന്നും കൂട്ടിച്ചേർത്തു. ജനുവരി 28ന് വാദം കേൾക്കൽ തുടരും.