ജനനായകനെതിരായ ഹർജി: വിധി പറയാൻ മാറ്റി

Wednesday 21 January 2026 12:47 AM IST

ചെന്നൈ: വിജയ് ചിത്രം ജനനായകനെതിരായ സെൻസർ ബോർഡിന്റെ (സി.ബി.എഫ്‌.സി) അപ്പീൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ,ജസ്റ്റിസ് ജി. അരുൺ മുരുകൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സെൻസർ ബോർഡിന്റേയും ജനനായകന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റേയും വാദങ്ങൾ കേട്ടശേഷം വിധി പറയാൻ മാറ്റിയത്. തീയതി തിരുമാനിച്ചിട്ടില്ല. ഇതോടെ ജനനായകന്റെ റിലീസും അനിശ്ചതത്തിലായി.

ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് വിധിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ജനുവരി ഒമ്പതിനാണ് ജസ്റ്റിസ് ആശ അദ്ധ്യക്ഷയായ സിംഗിൾ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സി.ബി.എഫ്‌.സി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് അന്ന് തന്നെ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുകയായിരുന്നു.

പൊങ്കലിനോടനുബന്ധിച്ച് ജനുവരി ഒമ്പതിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ജനനായകനായി കാത്തിരുന്നത്. എന്നാൽ സെൻസർ ബോർഡ് കത്രിക വച്ചതോടെയാണ് ചിത്രം കോടതി കയറുകയും റിലീസ് മുടങ്ങുകയുമായിരുന്നു.

14 കട്ടുകൾ വേണമെന്ന്

സി.ബി.എഫ്‌.സി

ജനനായകന് 14 കട്ടുകൾ വേണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) കോടതിയിൽ വാദിച്ചു. ഇത് ഇടക്കാല നിർദ്ദേശമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡിനു വേണ്ടി കോടതിയിൽ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചു. ജനനായകനായി 500 കോടി ചെലവഴിച്ചുവെന്ന നിർമ്മാതാക്കളുടെ അവകാശവാദത്തെ സിനിമറ്റോഗ്രാഫ് ആക്ടിലെ വകുപ്പുകൾ ഉദ്ധരിച്ച് സുന്ദരേശൻ ചോദ്യം ചെയ്തു. ചിത്രത്തിന്റെ റിലീസ് തീയതി എന്തിന് മുൻകൂട്ടി തീരുമാനിച്ചതെന്ന ചോദ്യത്തിന് കെ.വി.എൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരൻ നിർമ്മാതാക്കൾ സർട്ടിഫിക്കേഷന് മുമ്പ് റിലീസ് തീയതി പ്രഖ്യാപിക്കുന്നത് സാധാരണ രീതിയാണെന്ന് വാദിച്ചു. മാർച്ച് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ധുരന്ധർ 2നെ ഉദ്ധരിച്ചായിരുന്നു മറുപടി. ജനനായകൻ റിവൈസിംഗ് കമ്മിറ്റിയിലേക്ക് അയക്കുമെന്ന് ജനുവരി ആറിന് നിർമ്മാതാക്കളെ അറിയിച്ചുവെന്ന് ബോർഡ് കോടതിയിൽ ആവർത്തിച്ചു. സെൻസർ ബോർഡിന്റെ ചെന്നൈയിലെ പ്രാദേശിക ഓഫീസാണോ മുംബയ് ഓഫീസാണോ ഇക്കാര്യം നിർമ്മാതാക്കളെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. മുംബയ് ഓഫീസാണെന്ന് ബോർഡ് പറഞ്ഞു.