മാലിന്യനിക്ഷേപ കേന്ദ്രമായി പാറശാല കെ.എസ്.ആർ.ടി.സി വക സ്ഥലം

Wednesday 21 January 2026 1:49 AM IST

പാറശാല: മാലിന്യം വലിച്ചെറിയാൻ സർക്കാർ വക സ്ഥലം. കെ.എസ്.ആർ.ടി.സിയുടെ റീജിയണൽ വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനായി വാങ്ങിയിട്ടിരുന്ന പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ ഏഴര ഏക്കറോളം വരുന്ന വസ്തുവാണ് മാലിന്യങ്ങൾ നിക്ഷേപിക്കുവാനായി ആശ്രയിക്കുന്നത്. പരിസര മലിനീകരണത്തിന് പുറമെ പകർച്ചവ്യാധിഭീഷണിക്കും കാരണമാകുന്നതായി നാട്ടുകാർ പരാതിപെടുന്നു.

പഞ്ചായത്തിലെ സമീപ വാർഡുകളിൽ നിന്നും വാഹനങ്ങളിലെത്തുന്നവർ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചശേഷം കടന്ന് കളയുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ ദുർഗന്ധത്താൽ കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്. സന്ധ്യ കഴിഞ്ഞാൽ വേണ്ടത്ര വെളിച്ചമില്ലാത്ത മേഖലയിൽ തെരുവ് നായ്ക്കൽ പെരുകുന്നതും ഭീഷണിയാവുന്നുണ്ട്.കെ.എസ്.ആർ.ടി.സി യുടെ നിയന്ത്രണത്തിലുള്ള ഒരു ഭാഗത്ത് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുമെത്തിച്ച പഴയ ബസുകൾ ഒതുക്കിയിട്ടിട്ടുമുണ്ട്.

പ്രദേശത്തെ മെത്തക്കച്ചവടക്കാർ താലൂക്കിന്റെ വിവിധ മേഖലകളിലെത്തി പുതിയ മെത്തകൊടുത്ത ശേഷം തിരികെയെടുക്കുന്ന മെത്തകൾ പ്രദേശത്ത് വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്.

നടപടി വേണം

വർഷങ്ങൾക്ക് മുൻപ് എൻ.സുന്ദരൻ നാടാർ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ കെ.എസ്.ആർ.ടി.സിയുടെ റീജിയണൽ വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനായി പൊന്നുംവില കൊടുത്ത് വാങ്ങിയതാണ് ഏഴര ഏക്കർ വസ്തു. വർഷങ്ങൾക്ക് മുൻപ് ഇവിടെ നടത്തിയ നിർമ്മാണപ്രവർത്തങ്ങൾ സംരക്ഷിക്കപ്പെടാത്തത് കാരണം ജീർണ്ണിച്ച് നശിച്ചു. കെ.എസ്.ആർ.ടി.സി വക വസ്തുവിൽ നിന്നും രണ്ട് ഏക്കറോളം ഭൂമി ആർ.ടി.ഒ വകുപ്പിന് കൈമാറിയ സ്ഥലത്താണ് ഇപ്പോൾ വാഹനങ്ങളുട ടെസ്റ്റിംഗ് സ്റ്റേഷനും ഡ്രൈവിംഗ് ലൈസൻസ് കേന്ദ്രവും പ്രവർത്തിക്കുന്നത്. പൊതു ഖജനാവിൽ നിന്നെടുത്ത പണംകൊടുത്ത് വാങ്ങിയതും കോടികൾ വിലമതിക്കുന്നതുമായ സ്ഥലം മലിനവസ്തുക്കൾ തള്ളുന്നതിനുള്ള കേന്ദ്രമാക്കാതെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നിലയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണം

കെ.എസ്.ആർ.ടി.സിയുടെ റീജിയണൽ വർക്ക്ഷോപ്പ് സ്ഥാപിക്കുന്നതിനായി വാങ്ങിയിട്ടിരിക്കുന്ന സ്ഥലം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നത് പ്രദേശത്തെ നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണിയാണ്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതോടൊപ്പം മാലിന്യനിക്ഷേപം തടയാൻ വേണ്ടത്ര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം