കേന്ദ്ര ജീവനക്കാർക്ക് എതിരെ സംസ്ഥാന ഏജൻസിക്ക് അന്വേഷിക്കാം
Wednesday 21 January 2026 12:49 AM IST
ന്യൂഡൽഹി: അഴിമതി നിരോധന നിയമം ചുമത്തുന്ന കേസുകളിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കെതിരെ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ ഏജൻസികൾക്ക് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാമെന്ന് സുപ്രീംകോടതി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് സി.ബി.ഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. അനുമതിയില്ല എന്നതിന്റെ പേരിൽ അഴിമതി വിരുദ്ധ ഏജൻസികളുടെ കുറ്റപത്രം അസാധുവാക്കാനും കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദ്ദിവാല, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിലെ കേന്ദ്രസർക്കാർ ജീവനക്കാരനെതിരെയുള്ള സംസ്ഥാന ഏജൻസിയുടെ അന്വേഷണം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ജീവനക്കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.